Saturday, January 4, 2025
World

ഓസ്ട്രേലിയയുമായി എല്ലാ മേഖലയിലും ബന്ധം വ്യാപിപ്പിക്കും,ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവ്; പ്രധാനമന്ത്രി

ഇന്ത്യ ഓസ്ട്രേലിയ സൗഹൃദം ചരിത്രപരം, എല്ലാ മേഖലയിലും ബന്ധം വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നരേന്ദ്ര മോദിയെ ‘ദി ബോസ്’ എന്ന് വിശേഷിപ്പിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, മോദി അസാമാന്യമായ ഊർജ്ജമുള്ളയാളെന്നും പറഞ്ഞു.

നമസ്തേ ഓസ്ട്രേലിയ എന്ന സംബോധനയോടെ പ്രസംഗം തുടങ്ങിയ ഇന്ത്യൻ പ്രധാനമന്ത്രി ഹിന്ദിയിലാണ് പ്രസംഗിച്ചത്. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച സന്തോഷിപ്പിക്കുന്നു. പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ – ഓസ്ട്രേലിയ ബന്ധത്തിന് ആധാരം. ജനാധിപത്യ ബോധവും ഇരു രാജ്യങ്ങളെയും ഒന്നിച്ച് നിർത്തുന്നു.

ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. 150 രാജ്യങ്ങൾക്ക് കൊവിഡ് കാലത്ത് ഇന്ത്യ സഹായം നൽകി. ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവാണെന്ന് മോദി പറഞ്ഞു. ഭാരതത്തിന്റെ വൈവിധ്യത്തെ സ്വീകരിച്ച ഓസ്ട്രേലിയയുടെ ഹൃദയവിശാലതയെ പ്രകീർത്തിച്ചാൽ മതിയാവില്ല. ഈ ചെറിയ ഇന്ത്യയെ തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷം.

ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹം ഇന്ത്യയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുമെന്നും നരേന്ദ്രമോദി കൂട്ടിച്ചെർത്തു.

Leave a Reply

Your email address will not be published. Required fields are marked *