ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി
ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി. ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തോണി ആൽബനീസുമായുള്ള ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ആശങ്ക അറിയിച്ചത്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കി. ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയ്ക്കാവശ്യമായത് ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും മോദി അറിയിച്ചു.
“കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഓസ്ട്രേലിയയിലെ ക്ഷേത്രങ്ങൾക്ക് നേരെ നിരന്തരമായ ആക്രമണങ്ങളുണ്ടാവുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. അത്തരം വാർത്തകൾ ഇന്ത്യക്കാരെ വിഷമിപ്പിക്കുന്നത് സാധാരണയാണ്. നമ്മുടെ ആകുലതകൾ ഞാൻ പ്രധാനമന്ത്രി ആൽബനീസിനെ അറിയിച്ചു. ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ അദ്ദേഹത്തിന് വളരെ പ്രധാനമാണെന്ന് അദ്ദേഹം മറുപടി നൽകി. നമ്മുടെ ടീം അവരുമായി നിരന്തര ബന്ധം സ്ഥാപിച്ച് കാര്യങ്ങൾ ശരിപ്പെടുത്താൻ ശ്രമിക്കും.”- മോദി പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനു മുന്നോടിയായി സ്റ്റേഡിയത്തിൽ രഥയാത്ര നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോൺഗ്രസ് പരിഹസിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോൾ സ്വന്തം പേരിട്ട സ്റ്റേഡിയത്തിൽ ലാപ് ഓഫ് ഓണർ നടത്തുന്നത് സ്വയം പൊങ്ങലിൻ്റെ അങ്ങേയറ്റമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.
നാലാം ടെസ്റ്റിനു മുൻപാണ് മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിനൊപ്പം രഥയാത്ര നടത്തിയത്. മത്സരത്തിനു മുൻപ് പ്രധാനമന്ത്രിമാർ താരങ്ങളെ പരിചയപ്പെട്ടു. മത്സരം തുടങ്ങിയപ്പോൾ ഇരുവരും ഗ്യാലറിയിലുണ്ടായിരുന്നെങ്കിലും അല്പസമയത്തിനു ശേഷം ഇവർ മടങ്ങി.
മത്സരത്തിൽ ഓസ്ട്രേലിയ മുൻകൈ നേടിയിരിക്കുകയാണ്. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോർ നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 480 റൺസിന് ഓളൗട്ടായി. ഉസ്‌മാൻ ഖവാജയാണ് (180) ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. കാമറൂൺ ഗ്രീനും (114) ഓസീസിനായി തിളങ്ങി. ഇന്ത്യക്കായി ആർ അശ്വിൻ 6 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 36 റൺസ് എന്ന നിലയിലാണ്.
മൂന്ന് ദിവസം കൂടി അവശേഷിക്കെ നാളെ മുഴുവൻ ബാറ്റ് ചെയ്യുകയെന്നതാവും ഇന്ത്യയുടെ പ്രഥമ ലക്ഷ്യം. മത്സരത്തിൽ സമനിലയെങ്കിലും നേടിയാൽ പരമ്പര നേടുന്നതിനൊപ്പം ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനം ഏറെക്കുറെ സുരക്ഷിതമാവും.