ബ്രിക്സ് ഉച്ചകോടി: പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൊഹന്നാസ്ബെർഗിലെത്തി
ദില്ലി:ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൊഹന്നാസ്ബെർഗിലെത്തി. ഇന്ത്യൻ സമയം വൈകിട്ട് 5:15-നാണ് പ്രധാനമന്ത്രി വിമാനം ഇറങ്ങിയത്. 2020-ന് ശേഷമാദ്യമായിട്ടാണ് ബ്രിക്സ് ഉച്ചകോടി നേരിട്ട് നടക്കുന്നത്. ഇതിന് മുമ്പുള്ള ഉച്ചകോടി ഓൺലൈനിലാണ് നടന്നിരുന്നത്. ഇന്ത്യ,ചൈന,ദക്ഷിണാഫ്രിക്ക,റഷ്യ,ബ്രസിൽ എന്നി 5 രാജ്യങ്ങളാണ് ബ്രിക്സ് അംഗരാജ്യങ്ങളായി ഉള്ളത്. നാല് രാജ്യങ്ങളിലെ നേതാക്കൾ നേരിട്ട് തന്നെ ഈ ഉച്ചകോടിയിൽ പങ്കെടുക്കും. ബ്രസിലിന്റെ പ്രസിഡന്റ് ഡി സിൽവ,ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി,ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംങ് എന്നിവർ നേരിട്ട് ദക്ഷിണാഫ്രിക്കയിൽ എത്തും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാംഫോസയാണ് ഉച്ചകോടിക്ക് അതിഥേയത്വം വഹിക്കുന്നത്.
അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുട്ടിൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്നില്ല. അന്തരാഷ്ട്ര കുറ്റവാളിയെന്ന് പ്രഖ്യപിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി പുട്ടിനെ അറസ്റ്റ് ചെയ്യണം എന്ന നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യം നിലനിൽക്കുന്നതുകൊണ്ട് വ്ളാദിമിർ പുട്ടിൻ ദക്ഷിണാഫ്രിക്കയിലേക്ക് എത്തില്ല. പുട്ടിന് പകരം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കും വ്ളാദിമിർ പുട്ടിനാകട്ടെ ഓൺലൈനായിയായിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കുക. ബ്രിക്സ് രാജ്യങ്ങൾക്ക് ഏകികൃത കറൻസിയെന്ന നിർദ്ദേശത്തെ ഇന്ത്യ എതിർക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംങുമായി കൂടികാഴ്ച നടത്തുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
രണ്ട് പ്രധാന ഭാഗങ്ങളായാണ് ഉച്ചകോടി നടക്കുക. ബ്രിക്സിലെ 5 അംഗരാജ്യങ്ങൾ പങ്കെടുക്കുന്നതാകും ആദ്യ യോഗം അതിന് ശേഷം ബ്രിക്സ് പ്ലസ് എന്ന പേരിൽ കൂടുതൽ രാജ്യങ്ങളെ ക്ഷണിച്ചു കൊണ്ട് രണ്ടാം യോഗം നടക്കും. പ്രത്യേകിച്ച് ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള രാജ്യങ്ങളെ ദക്ഷിണാഫ്രിക്ക ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളായ യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളെയാണ് ഇന്ത്യ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത്. 35 രാജ്യങ്ങളായിരിക്കും ബ്രിക്സ് പ്ലസിൽ പങ്കെടുക്കുക. വികസിത രാജ്യങ്ങളുടെ കൂട്ടായ്മ വികസിച്ചു വരിക എന്നതാണ് ബ്രിക്സിന്റെ ലക്ഷ്യം അതിനായി കൂടുതൽ വികസിത രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തുകയെന്നുള്ളതും ബ്രിക്സിന്റെ ലക്ഷ്യമാണ്. കൂറേ രാജ്യങ്ങൾ ബ്രിക്സിൽ അംഗത്വം എടുക്കാനുള്ള അപേക്ഷകൾ നൽകിയിട്ടുണ്ട്. ഇറാൻ,യു എ ഇ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സിൽ ചേരാനുള്ള താത്പര്യം പ്രകടപ്പിച്ച് അപേക്ഷ കൊടുത്തിട്ടുള്ളത്. ചില രാജ്യങ്ങളുടെ അപേക്ഷയെ ഇന്ത്യ പിന്തുണക്കാൻ സാധ്യതയുണ്ട് എന്നാൽ പാകിസ്ഥാന്റെ അപേക്ഷയെ ഇന്ത്യ എതിർക്കാനാണ് സാധ്യത.