ഫലപ്രദമായ മുഖമറ ഡിസൈന്‍ ചെയ്ത് മസാച്ചുസെറ്റ്‌സ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ബ്രിഗ്ഹാം ആശുപത്രിയും
മസാച്ചുസെറ്റ്‌സ്: എന്‍ 95 മാസ്‌ക് പോലെ ഏറെ ഫലപ്രദമായ മുഖമുറ ഡിസൈന്‍ ചെയ്തതായി മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലേയും ബ്രിഗ്ഹാം ആന്റ് വിമന്‍സ് ഹോസ്പിറ്റലിലേയും ഗവേഷകര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഇത്തരം മാസ്‌കുകളെന്നാണ് കണ്ടെത്തല്‍. കോവിഡ് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ ചികിത്സിക്കുമ്പോള്‍ ഇത്തരം മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ തോതില്‍ പ്രതിരോധം സൃഷ്ടിക്കുമെന്നാണ് കണ്ടെത്തല്‍.
എന്‍ 95 മാസ്‌കുകള്‍ അഞ്ചു തവണയില്‍ കൂടുതല്‍ ധരിക്കാന്‍ പാടില്ലെന്നാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ശിപാര്‍ശ ചെയ്യുന്നത്. എന്നാല്‍ പുതുതായി ഡിസൈന്‍ ചെയ്ത മാസ്‌ക് എളുപ്പത്തില്‍ അണുവിമുക്തമാക്കാമെന്നതിനാല്‍ എത്ര തവണ വേണമെങ്കിലും ഉപയോഗിക്കാമെന്ന ഗുണമുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
തങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറാന്‍ കഴിയുന്ന തരത്തിലായിരിക്കണം മാസ്‌കിന്റെ ഡിസൈന്‍ എന്ന കാര്യമാണ് ആദ്യം തന്നെ പ്രധാനമായും മുമ്പിലുണ്ടായിരുന്നതെന്ന് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മെക്കാനിക്കല്‍ എന്‍ജിയറിംഗ് അസിസ്റ്റന്റ് പ്രൊഫസറും ബ്രിഗ്ഹാം ആന്റ് വിമന്‍സ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റുമായ ഗിയോവന്നി ട്രെവാര്‍സോ പറഞ്ഞു. പരമാവധി ഉപയോഗിക്കാനാവുന്നതായിരിക്കണമെന്നും പല രീതികളില്‍ അണുവിമുക്തമാക്കാനാകണമെന്നുമുള്ള കാര്യങ്ങളിലും നിര്‍ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.