ടെക്‌നോപാര്‍ക്കില്‍ തൊഴിലാളികളെ പിരിച്ചുവിട്ടുള്ള ബൈജൂസ് നടപടി; ഇടപെട്ട് മന്ത്രി വി.ശിവന്‍കുട്ടി
ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. 2011 ലായിരുന്നു ബൈജൂസിന്റെ പിറവി. ബൈജൂസ് ആപ്പില്‍ നിന്ന് ഏകദേശം 600 തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകള്‍ കുറച്ചുനാളുകള്‍ക്ക് മുന്നേ വന്നു. ബൈജൂസ് ഏറ്റെടുത്ത ടോപ്പര്‍, വൈറ്റ്ഹാറ്റ് എന്നീ കമ്പനിയില്‍ 300 പേരെ വീതമാണ് പിരിച്ചുവിടുന്നത്. ഈ രണ്ട് കമ്പനികളിലെയും സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഓപറേഷന്‍സ്, കണ്ടന്റ്, ഡിസൈന്‍ ടീമുകളില്‍ നിന്നുള്ള മുഴുവന്‍ സമയ കരാര്‍ ജീവനക്കാരെയാണ് ബൈജൂസ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്.
ബൈജൂസില്‍ നിന്ന് പിരിച്ചുവിടപ്പെടുന്ന തൊഴിലാളികളുടെ പ്രശ്‌നം തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ ശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുകയാണ് ടെക്‌നോപാര്‍ക് ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി. ജീവനക്കാര്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെയാണ് തിരുവനന്തപുരത്തുള്ള പ്രവര്‍ത്തനം നിര്‍ത്തുന്നത്. 170 ലധികം പേരെയാണ് ഇത് ബാധിക്കുന്നത് എന്നും പ്രതിധ്വനി തൊഴില്‍മന്ത്രി നല്‍കിയ കത്തില്‍ പറയുന്നു.
നിര്‍ബന്ധിത രാജിയാണ് തൊഴിലാളികളില്‍ നിന്ന് കമ്പനി ആവശ്യപ്പെടുന്നത്. ഇതില്‍ 150ഓളം പരാതികള്‍ സംഘടനയ്ക്ക് ലഭിച്ചു. സ്ഥാപനവുമായി മാന്യവും സൗഹാര്‍ദപരവുമായ ഒത്തുതീര്‍പ്പിലേക്കെത്താനും നഷ്ടപരിഹാര ആനുകൂല്യങ്ങളോടെയെങ്കിലും പുതുക്കിയ എക്‌സിറ്റ് നയം കൊണ്ടുവരാന്‍ ഇടപെടണമെന്നുമാണ് സംഘടനയുടെ ആവശ്യം.