സുഡാനിൽ നിന്നും പൗരന്മാരെ ഒഴിപ്പിക്കാൻ സൗദി അറേബ്യ
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തനം ആരംഭിക്കുന്നതിന് തീരുമാനമെടുത്ത് സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്‍റെയും നിർദേശപ്രകാരമാണ് രക്ഷാപ്രവർത്തനത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതെന്ന് ദേശീയ വാർത്ത ഏജൻസി ട്വീറ്റ് ചെയ്തു. സൗദി പൗരന്മാർക്കൊപ്പം മറ്റ് സഹോദര രാജ്യങ്ങളുടെയും പൗരന്മാരെ സുഡാനിൽ നിന്നും ഒഴിപ്പിക്കുമെന്ന് വാർത്ത ഏജൻസി ട്വീറ്റിൽ വ്യക്തമാക്കി. കൂടാതെ, അശാന്തിയുടെ അന്തരീക്ഷത്തിൽ ജീവിക്കുന്ന സുഡാനിലെ ജനങ്ങൾക്ക് സൗദി പിന്തുണ നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച, സുഡാനിൽ നിന്നും സൗദിയിയിലേക്ക് പറന്നുയരാൻ തയാറായി നിന്നിരുന്ന വിമാനത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. യാത്രക്കാരും ജീവനക്കാരും ഉള്ള സമയത്താണ് വിമാനത്തിന് നേരെ വെടിയുതിർത്തത്. തുടർന്ന്, വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും യാത്രക്കാരും ജീവക്കാരും സൗദി അറേബ്യയുടെ എംബസിയിൽ അഭയം പ്രാപിക്കുകയായിരുന്നു. തുടർന്ന്, സുഡാനിലേക്കുള്ള വിമാന സർവീസ് സൗദി അറേബ്യ നിർത്തിവെച്ചിരുന്നു.
സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതിനിടെ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അർധസൈനിക വിഭാഗത്തിന്റേതാണ് വെടിനിർത്തൽ പ്രഖ്യാപനം. റമദാൻ കണക്കിലെടുത്താണ് തീരുമാനം.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ 72 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചതായി ആർഎസ്എഫ് പറയുന്നു. അതേസമയം സൈന്യത്തിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സുഡാനിൽ നേരത്തെ രണ്ട് തവണ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായിരുന്നില്ല. ആർഎസ്എഫുമായുള്ള ചർച്ചയുടെ സാധ്യത സൈന്യത്തിന്റെ തലവൻ ജനറൽ അബ്ദുൾ ഫത്താഹ് അൽ ബുർഹാൻ നേരത്തെ തള്ളുകയും ചെയ്തിരുന്നു.