Saturday, October 19, 2024
Saudi Arabia

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ കരസേനാ മേധാവി സൗദി അറേബ്യ സന്ദര്‍ശിച്ചു

റിയാദ്: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ കരസേനാ മേധാവി സൗദി അറേബ്യ സന്ദര്‍ശിച്ചു. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് ദ്വിദിന സന്ദര്‍ശനത്തിന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ റിയാദിലെത്തിയത്. സൗദി റോയല്‍ ലാന്‍ഡ് ഫോഴ്‌സ് ആസ്ഥാനത്ത് സൗദി റോയല്‍ ഫോഴ്‌സ് കമാന്‍ഡര്‍ ജനറല്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍മുതൈര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് സൗദി റോയല്‍ ഫോഴ്‌സ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സൗദി ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ജനറല്‍ ഫയ്യാദ് ബിന്‍ ഹാമിദ് അല്‍റുവൈലി അദ്ദേഹത്തിന്റെ ഓഫീസില്‍ ജനറല്‍ നരവനെയെ സ്വീകരിച്ചു. പ്രതിരോധ മേഖലയില്‍ ഇന്ത്യ-സൗദി സഹകരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനം. നാളെ നടക്കുന്ന പ്രതിരോധ, സൈനിക യോഗങ്ങളില്‍ സംബന്ധിക്കുന്ന അദ്ദേഹം പ്രതിരോധ, സൈനിക രംഗത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കിംഗ് അബ്ദുല്‍ അസീസ് മിലിറ്ററി അക്കാദമി, സൗദി നാഷനല്‍ ഡിഫന്‍ഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ സന്ദര്‍ശം നടത്തുന്ന അദ്ധേഹം അക്കാദമിയിലെ വിദ്യാര്‍ഥികളുമായും സംവദിക്കും.

 

Leave a Reply

Your email address will not be published.