Monday, January 6, 2025
World

സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കൽ; ഇന്ത്യയുടെയും അമേരിക്കയുടെയും നീക്കത്തിന് തടയിട്ട് ചൈന

ലഷ്കർ ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് തടയിട്ട് ചൈന. യുഎൻ രക്ഷാസമിതിയിൽ അമേരിക്കയും ഇന്ത്യയും അവതരിപ്പിച്ച നിർദ്ദേശം സാങ്കേതിക പ്രശ്നം പറഞ്ഞ് ചൈന എതിർത്തു. മുംബൈ ഭീകരാക്രമണത്തിൻ്റെ ആസൂത്രകരിൽ ഒരാളാണ് സാജിദ് മിർ.

156 പേരുടെ ജീവൻ കവർന്ന മുംബൈ ഭീകരാക്രമണത്തിൻറെ ആസൂത്രകരിൽ പ്രധാനിയാണ് ഭീകരവാദിയായ സാജിദ് മീർ. സാജിദിനെ വെള്ളപൂശാനുള്ള പാകിസ്താന്റെ ശ്രമത്തെ പിന്തുണച്ചാണ് ചൈനയുടെ നിലപാട്. അമേരിക്കയും ഇന്ത്യയും സംയുക്തമായി യുഎന്നിൽ നടത്തിയ നീക്കത്തിന് ചൈന സുരക്ഷാ സമിതിയിൽ പ്രതിരോധം തീർത്തു. സാജിദ് കരിമ്പട്ടികയിൽ ഉൾപ്പെടുത്താനായുള്ളതാണ് പ്രമേയം. ആസ്തി മരവിപ്പിക്കൽ യാത്രാ നിരോധനം, ആയുധ ഉപരോധം എന്നിവയ്ക്ക് വിധേയമാക്കുകയാണ് ഇതുവഴി ലക്ഷ്യം.

ഇന്ത്യ കൊടും ഭീകരരുടെ പട്ടികയിൽ സാജിദിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ദശലക്ഷം ഡോളറാണ് ഈ ഭീകരൻറെ തലയ്ക്ക് അമേരിക്ക വിലയിട്ടിരിക്കുന്നത്. യുഎൻ രക്ഷ സമിതിയുടെ അൽഖൊയ്ദ ഉപരോധസമിതിക്ക് കീഴിലെ നിർദ്ദേശം ചൈന അംഗീകരിച്ചില്ല. സാജിദ് മിർ മരിച്ചു എന്നായിരുന്നു നേരത്തെയുള്ള പാകിസ്താൻ്റെ അവകാശവാദം. ഇത് തെളിയിക്കുന്ന തെളിവ് നൽകാൻ നിർദ്ദേശിച്ചപ്പോൾ പാകിസ്താന് അതിന് സാധിച്ചിരുന്നില്ല. പാകിസ്താൻ ആസ്ഥാനമായുള്ള വിനാശകാരിയായ ഭീകരനാണ് സാജിദ് മീർ. സാജിദ് മിർ ലഷ്കറിൻറെ ഓപ്പറേഷൻസ് മാനേജർ ആയിരുന്നു എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിൻറെ കണ്ടെത്തൽ. ജൂണിൽ പാകിശ്താനിലെ തന്നെ ഭീകരവാദ വിരുദ്ധ കോടതി ഭീകരവാദത്തിന് ധനസഹായം നൽകി എന്ന കേസിൽ സാജിദ് തടവിന് ശിക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *