Saturday, December 28, 2024
Kerala

നിഖിൽ പിടിക്കപ്പെടില്ലെന്ന ഉറപ്പ് നൽകുന്നത് ആരാണ്?: 4 ചോദ്യങ്ങളുമായി സജിത മഠത്തിൽ

നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ ചോദ്യങ്ങളുമായി നടി സജിത മഠത്തിൽ. നിഖിൻ എന്ന ചെറുപ്പക്കാരന് ഇത്രയും വലിയ തട്ടിപ്പു നടത്താനുള്ള ധൈര്യം നൽകുന്ന സിസ്റ്റം കേരളത്തിലുണ്ടോ എന്നും അതിന് ഉറപ്പു നൽകുന്നത് ആരാണെന്നും നടി സജിത മഠത്തിൽ ചോദിക്കുന്നു. ഇത്തരം വിവാദ സംഭവങ്ങളിൽ കോളജ് അധ്യാപകർ നിശബ്ദരായി ഇരിക്കുന്നത് എന്തുകൊണ്ടാണെന്നും നടി ഫേസ്ബുക്കിൽ കുറിക്കുന്നു.

സജിത മഠത്തിലിന്റെ വാക്കുകൾ

നിഖിലിന്റെ വിഷയത്തിൽ ഒന്നും മിണ്ടരുതെന്ന് കരുതിയതാണ്. മനസ്സമാധാനം കളയാൻ ആർക്കും താൽപര്യം ഉണ്ടാവില്ലല്ലോ.എങ്കിലും ഇതെല്ലാം മാറി നിന്നു കാണുമ്പോൾ തോന്നുന്ന ചില സംശയങ്ങളാണ്.
1 – യഥാർത്ഥത്തിൽ നിഖിൽ എന്ന ചെറുപ്പക്കാരന് ഇത്രയും വലിയ തട്ടിപ്പ് നടത്താനുള്ള ധൈര്യം നൽകുന്ന ഒരു സിസ്റ്റം കേരളത്തിൽ നിലനിൽക്കുന്നുണ്ടോ? പിടിക്കപ്പെടില്ല എന്ന ഉറപ്പ് നൽകുന്നത് ആരാണ്?
2- തങ്ങൾ തോൽപ്പിച്ച ഒരു വിദ്യാർത്ഥി അതേ കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന് മറ്റൊരു യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് ആയി വരുമ്പോൾ ആ ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകർക്ക് നിശ്ശബ്ദരായി ഇരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാവും?
3- ചില കോളേജിൽ വിദ്യാർത്ഥിനേതാക്കൻമാർ ക്ലാസ്സിൽ ഒരിക്കൽ പോലും വന്നില്ലെങ്കിലും അവർക്ക് പൂർണ്ണമായ ഹാജറും കൂടിയ ഇന്റേണൽ മാർക്കും നൽകുവാൻ അദ്ധ്യാപകർ നിർബന്ധിതരാകുന്നത് എന്തുകൊണ്ടാവും?
4- ഈ കുട്ടികളെ കൃത്യമായി മുന്നോട്ടു നയിക്കേണ്ട അദ്ധ്യാപകർക്ക് ഇവിടെ എന്താണ് സംഭവിക്കുന്നത്? അതിന് അവരെ തടസ്സപ്പെടുത്തുന്നത് എന്തായിരിക്കും? തൽകാലിക ലാഭങ്ങൾ മാത്രമായിരിക്കുമോ ഈ അദ്ധ്യാപകരെ നിശ്ശബ്ദരാക്കുന്നുണ്ടാവുക?
ഞാൻ പറഞ്ഞില്ലെ സംശയം ചോദിച്ചെന്നെ ഉള്ളൂ. കൊല്ലരുത്!

Leave a Reply

Your email address will not be published. Required fields are marked *