അർബാസ് അഹമ്മദ് മിറിനെ കേന്ദ്രം തീവ്രവാദിയായി പ്രഖ്യാപിച്ചു
ജമ്മു കശ്മീരിൽ കൊലപാതകം ആസൂത്രണം ചെയ്തതിന് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ അംഗം അർബാസ് അഹമ്മദ് മിറിനെ ഭീകരനായി പ്രഖ്യാപിച്ചു. യുഎപിഎ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ നടപടി. വനിതാ അധ്യാപിക രജനി ബാലയുടേത് ഉൾപ്പെടെ ജമ്മു കശ്മീരിൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ മിറിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
മിർ ജമ്മു കശ്മീർ സ്വദേശിയാണ്. നിലവിൽ പാകിസ്താനിലാണെന്നും അതിർത്തിക്കപ്പുറത്ത് നിന്ന് ലഷ്‌കർ ഇ ടിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്‌ഫോടക വസ്തുക്കൾ ഉൾപ്പെടെയുള്ള ആയുധക്കടത്തിൽ മിർ പ്രതിയാണ്. ജമ്മു കശ്മീരിലെ കുൽഗാമിൽ അധ്യാപികയായ രജനി ബാലയുടെ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ മിറാണെന്നും ആസൂത്രിത കൊലപാതകത്തിൽ പങ്കുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
യുഎപിഎ പ്രകാരം തീവ്രവാദിയായി പ്രഖ്യാപിക്കപ്പെടുന്ന 51-ാമത്തെ വ്യക്തിയാകും മിർ. കൂടാതെ ജമ്മു കശ്മീരിലും മറ്റിടങ്ങളിലും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) പ്രോക്സി സംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെയും (പിഎഎഫ്എഫ്) കേന്ദ്ര സർക്കാർ നിരോധിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.