വിമാനം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് പ്രസിഡന്റ്
ചൈനയിൽ 132 യാത്രക്കാരുമായി വിമാനം തകർന്നുവീണ സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടകാരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിമാനം മലനിരകളിലേക്ക് വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക മൈനിംഗ് കമ്പനിയുടെ സെക്യൂരിറ്റി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ എത്ര പേർ മരിച്ചുവെന്ന സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാൽ ആരും ജീവനോടെ അവശേഷിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
വിമാനം തകർന്നുവീണതിന് പിന്നാലെ ചൈനയിലെ സിവിൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അപകട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ട്. ആറ് വർഷം പഴക്കമുള്ള വിമാനമാണ് തകർന്നുവീണത്. തെക്കുപടിഞ്ഞാറൻ ചൈനീസ് പ്രവിശ്യയായ ഗുവാങ്‌സിയിലാണ് വിമാനം തകർന്നുവീണത്. കുൻമിങിൽ നിന്ന് ഗുവാങ്‌സോയിലേക്ക് പോയ എം യു 5735 വിമാനമാണ് അപകടത്തിൽപ്പെട്ടത്.