Saturday, December 28, 2024
World

വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ അഫ്ഗാന്‍ ഫുട്ബോള്‍ താരവും: ലാന്‍ഡിംഗ് ഗിയറിനിടയില്‍ മൃതദേഹാവശിഷ്ടം

കാബൂള്‍: അഫ്‌ഗാന്റെ ഭരണം ക്രൂരമായ ആക്രമണത്തിലൂടെ താലിബാൻ പിടിച്ചെടുത്തുകഴിഞ്ഞു. താലിബാന്റെ ക്രൂരമായ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ അമേരിക്കൻ വിമാനങ്ങളിലെ ലാന്റിംഗ് ടയറുകളിൽ പോലും ഒളിച്ചിരുന്ന ആളുകൾ താഴെവീണു മരിച്ചത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഇപ്പോഴിതാ കാബൂളില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഒരാള്‍ അഫ്ഗാന്‍ ദേശീയ ഫുട്ബാള്‍ താരം സാക്കി അന്‍വാരിയാണെന്ന് തിരിച്ചറിഞ്ഞു. മരിച്ച രണ്ടാമത്തെയാള്‍ ഒരു ഡോക്ടറാണെന്നാണ് റിപ്പോര്‍ട്ട്.

താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതോടെ പത്തൊമ്പതുകാരനായ സാക്കി വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ലാന്‍ഡിംഗ് ഗിയറില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പതിനാറാം വയസുമുതല്‍ ദേശീയ ജൂനിയര്‍ ടീമംഗമായിരുന്നു സാക്കി.

പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് രണ്ടുപേര്‍ താഴേക്കുവീഴുന്ന രംഗങ്ങള്‍ കഴിഞ്ഞ തിങ്കൾ മുതലാണ് പ്രചരിച്ചുതുടങ്ങിയത്. വിമാനത്താവളത്തിന് സമീപത്തെ ഒരു കെട്ടിടത്തിന്റെ ടെറസിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അമേരിക്കന്‍ വിമാനത്തിന്റെ ടയറുകളിലും മറ്റും മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച്‌ വ്യോമസേന അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *