കരിപ്പൂർ വിമാനപകടം: മോശം കാലാവസ്ഥയെന്ന് അറിയിച്ചു, ലാന്‍ഡി൦ഗ് തീരുമാനം പൈലറ്റിന്‍റേത്
കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍
വിമാനം അപകടത്തില്‍പെടുന്നതിനു മുന്‍പേതന്നെ മേഖലയിലെ മോശം കാലാവസ്ഥയെക്കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കി.
എടിസി (ATC) കൃത്യമായി വിവരങ്ങള്‍ പൈലറ്റുമാരെ അറിയിച്ചിരുന്നു. കാറ്റ് നിശ്ചിതപരിധിയിലായിരുന്നു. ലാന്‍ഡ് ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാന പൈലറ്റ് ആണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അരുണ്‍കുമാര്‍ വ്യക്തമാക്കി.
വിമാനം താഴ്ചയിലേക്കു പതിക്കുമ്പോള്‍ എയര്‍ ട്രാഫിക് വിഭാഗവുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യം കൂടുതല്‍ അന്വേഷണത്തിലെ അറിയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളൈറ്റ് ഡേറ്റ റിക്കോര്‍ഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പക്കലാണെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.
എടിസി നിര്‍ദേശമനുസരിച്ച് പ്രൈമറി റണ്‍വേയില്‍ ആദ്യലാന്‍ഡി൦ഗിന് ശ്രമിച്ചശേഷം ദൂരക്കാഴ്ചയുടെ പ്രശ്‌നത്തെ തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം റണ്‍വേ 10ല്‍ ഇറക്കാന്‍ വീണ്ടും പൈലറ്റ് തീരുമാനിക്കുകയായിരുന്നു. കാറ്റിന്‍റെ (ടെയില്‍ വിന്‍ഡ്) വേഗം മണിക്കൂറില്‍ 10 നോട്ടിക്കല്‍ മൈലിനു മുകളിലാണെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു.
ഏറെ ദൂരം പിന്നിട്ടശേഷമാണ് വിമാനം റണ്‍വേ തൊട്ടതെന്ന വിവരം പൈലറ്റിനെ അറിയിച്ചോ എന്ന ചോദ്യത്തിന് അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തരെ അറിയിച്ചുവെന്നും അലാറം മുഴക്കിയെന്നും അരുണ്‍കുമാര്‍ പറഞ്ഞു. പത്തു മിനിട്ടിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മോശം കാലാവസ്ഥയാണോ അപകടകാരണമെന്ന പരിശോധന നടക്കുന്നുണ്ട്.
കരിപ്പൂരിലെ ടേബിള്‍ടോപ്പ് റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത വിമാനം തെന്നിനീങ്ങി താഴേക്ക് പതിച്ചാണ് വന്‍ അപകടമുണ്ടായത്. കരിപ്പൂര്‍ വിമാനദുരന്തത്തില്‍ 19 ജീവനാണ് പൊലിഞ്ഞത്
അതേസമയം, കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കൂട്ടാന്‍ നിര്‍ദേശം പുറത്തുവന്നു. റണ്‍വേയുടെ നീളം 2,850 മീറ്ററായി ഉയര്‍ത്തണമെന്നാണ് നിര്‍ദേശം. റണ്‍വേയുടെ മറ്റു വശങ്ങളുടെ നീളം കുറച്ച് ലാന്‍ഡി൦ഗ് പരിധി കൂട്ടാനാണ് തീരുമാനം. വിമാന ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം .ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.