Friday, October 18, 2024
World

ഇന്ന് മുതൽ ട്വിറ്ററിലെ പരമ്പരാഗത ബ്ലൂ ടിക്കുകൾ ഒഴിവാക്കും; ഇനി ബ്ലൂ ടിക്ക് ലഭിക്കാൻ പണം നൽകണം

ഇന്ന് മുതൽ ട്വിറ്ററിലെ പരമ്പരാഗത ബ്ലൂ ടിക്കുകൾ ഒഴിവാക്കും. ഇനി മുതൽ പ്രൊഫൈലുകൾക്ക് ബ്ലൂ ടിക്ക് ലഭിക്കാൻ പണം നൽകണം. ഏപ്രിൽ ഒന്ന് മുതൽ തന്നെ ബ്ലൂ ടിക്കുകൾ ഒഴിവാക്കുമെന്ന് ട്വിറ്റർ പറഞ്ഞെങ്കിലും ചില അക്കൗണ്ടുകൾക്ക് മാത്രമേ ഇത് ബാധകമായിരുന്നുള്ളൂ. എന്നാൽ, പരമ്പരാഗത ബ്ലൂ ടിക്കുകൾ ഒഴിവാക്കും എന്ന നിലപാടിൽ തന്നെയാണ് ട്വിറ്റർ.

ബ്ലൂ ടിക്ക് നേടുന്നതിനായി ഓരോ പ്രദേശത്തുള്ളവരും മുടക്കേണ്ടി വരുന്ന തുകയിൽ വ്യത്യാസമുണ്ടാകും. അമേരിക്കയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾ മാസം 11 ഡോളർ അഥവാ 900 ഇന്ത്യൻ രൂപയാണ് ബ്ലൂ ടിക്കിനായി മുടക്കേണ്ടി വരിക. ട്വിറ്റർ ബ്ലൂ സ്വന്തമാക്കിയാൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്‌സൽ വിഡിയോകൾ അപ്ലോഡ് ചെയ്യാനും കഴിയും. നീല ടിക്ക് മാർക്ക് പ്രൊഫൈൽ പേരിനൊപ്പം ഉണ്ടാവും.

ഇലോൺ മസ്‌ക് തലപ്പത്ത് വന്നതിൽ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റർ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയിൽ നിന്ന നിരവധി പേരെ പിരിച്ചുവിട്ടു. ഇക്കൂട്ടത്തിൽ ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ അഗർവാളും ലീഗൽ എക്സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉൾപ്പെടും. ഇന്ത്യയിൽ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.

ട്വിറ്ററിൽ വർക്ക് ഫ്രം ഹോം നിർത്തലാക്കിയിരുന്നു. ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്‌ക് ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞത്. ജീവനക്കാർ കഠിനാധ്വാനം ചെയ്യണം. ഉടൻ കൂടുതൽ പണം സമാഹരിച്ചില്ലെങ്കിൽ കമ്പനി പാപ്പരാവുമെന്നും അദ്ദേഹം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ ചില മുതിർന്ന ജീവനക്കാർ രാജിവച്ചു എന്നാണ് വിവരം. മസ്‌കിന്റെ പുതിയ ലീഡർഷിപ്പ് ടീമിൽ പെട്ട യോൽ റോത്ത്, റോബിൻ വീലർ എന്നിവർ കമ്പനി വിട്ടു.

Leave a Reply

Your email address will not be published.