Thursday, January 9, 2025
Kerala

ഇടുക്കിയിൽ കാട്ടാന അക്രമണത്തിൽ വീട് തകർന്നു; അരിക്കൊമ്പനെ കൊണ്ട് പൊറുതിമുട്ടി പ്രദേശവാസികൾ

ഇടുക്കി 301 കോളനിയിൽ വീണ്ടും കാട്ടാന അക്രമണത്തിൽ വീട് തകർന്നു. കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാന കൂട്ടം ആക്രമിച്ചത്. അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടുന്നതിലെ അനിശ്ചിതത്വം തുടരുന്നതിൽ ആശങ്കയിലാണ് പ്രദേശവാസികൾ. അതേസമയം മിഷൻ അരിക്കൊമ്പന്റെ ഭാഗമായി വനം വകുപ്പ് ഇതുവരെ ചെലവായത് 20 ലക്ഷത്തോളം രൂപയാണ്.

പുലർച്ചെ 12 മണിയോടെയാണ് 301 കോളനിയിൽ കാട്ടാന ആക്രമണം. കൂട്ടമായി എത്തിയ കാട്ടാനകൾ കോളനിയിലെ താമസക്കാരനായ ഐസക്കിന്റെ വീട് തകർത്തു. ഐസക്കും കുടുംബവും മറ്റൊരു വീട്ടിലായിരുന്നതിനാൽ അപകടം ഒഴിവായി. ഏറെനേരം പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാണ് തുരത്തിയത്.

അതേസമയം അരിക്കൊമ്പൻ ദൗത്യം നീളുന്നതിൽ ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തിലെ ജനങ്ങൾ ആശങ്കയിലാണ്. പറമ്പിക്കുളത്തേക്ക് മാറ്റുമെന്ന കോടതിവിധിയുടെ ആശ്വാസത്തിലാണ് പ്രദേശവാസികൾ സമരം നിർത്തിയത്. ഇതിനുശേഷം മൂന്നാം തവണയാണ് അരിക്കൊമ്പന്റെ ആക്രമണം ഇന്ന് ഉണ്ടായത്. ദൗത്യം വീണ്ടും വീണ്ടും നീളുമെന്ന് ഉറപ്പായതോടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ജനപ്രതികളും പ്രദേശവാസികളും.

Leave a Reply

Your email address will not be published. Required fields are marked *