ട്വിറ്റർ ബ്ലൂ ടിക്ക് പണം മുടക്കി വാങ്ങിയവരിൽ താലിബാൻ നേതാക്കളും
ട്വിറ്ററിനെ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ പണം മുടക്കി വാങ്ങിയവരിൽ താലിബാൻ നേതാക്കളും. രണ്ട് താലിബാൻ നേതാക്കളും നാല് പ്രവർത്തകരും ബ്ലൂ ടിക്ക് വാങ്ങിയെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ ഈ ഹാൻഡിലുകളുടെ വെരിഫിക്കേഷൻ മാറ്റിയിട്ടുണ്ട്. ഇതേപ്പറ്റി ട്വിറ്ററോ ഉടമ ഇലോൺ മസ്കോ പ്രതികരിച്ചിട്ടില്ല.
താലിബാൻ്റെ വിവരാവകാശ വിഭാഗം തലവൻ ഹിദായത്തുള്ള ഹിദായത്ത്, അഫ്ഗാൻ മാധ്യമ നിരീക്ഷണ വിഭാഗം തലവൻ അബ്ദുൽ ഹഖ് ഹമ്മാദ് തുടങ്ങിയവർ ബ്ലൂ ടിക്ക് വാങ്ങിയിട്ടുണ്ട്. ഹിദായത്തുള്ളയ്ക്ക് 1,87,000 ഫോളോവർമാരും അബ്ദുൽ ഹഖിന് 1,70,000 ഫോളോവർമാരും ഉണ്ട്. ബിബിസി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഈ അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ അപ്രത്യക്ഷമായത്.