സോഫ്‌റ്റ്വെയർ ചതിച്ചു; ഒന്നര വർഷമായി വെളിച്ചം കെടുത്താനാകാതെ ഒരു സ്‌കൂൾ; കത്തുന്നത് 7,000 ലൈറ്റുകൾ
ഒന്നരവർഷമായി അണയാതെ 7,000 ബൾബുകൾ. മസാചുസെറ്റ്‌സിലെ ഹൈ സ്‌കൂളിലാണ് സോഫ്‌റ്റ്വെയർ തകരാറിനെ തുടർന്ന് രാത്രിയും പകലും ലൈറ്റുകൾ അണയ്ക്കാനാകാതെ കത്തി കിടക്കുന്നത്.
പത്ത് വർഷങ്ങൾക്ക് മുൻപാണ് മസാചുസെറ്റ്‌സിലെ മിന്നിഷോഗ് റീജ്യണൽ ഹൈസ്‌കൂൾ പണി കഴിപ്പിച്ചത്. രാത്രി കത്തുന്ന ബൾബുകൾ സൂര്യനുദിക്കുന്നതോടെ തന്നെതാൻ കെടാൻ വേണ്ടി ‘ഫിഫ്ത്ത് ലൈറ്റ്’ എന്ന കമ്പനി വികസിപ്പിച്ച സോഫ്‌റ്റ്വെയറുമായി ബന്ധിപ്പിച്ചിരുന്നു. എന്നാൽ ഈ സോഫ്‌റ്റ്വെയർ 2021 ഓഗസ്റ്റ് 24 ന് തകരാറായതോടെ വൈദ്യുതിയും പണവും പാഴാക്കി 7000 ബൾബുകളും സദാസമയവും കത്തി കിടക്കുകയാണ്. കൊവിഡ് മഹാമാരിക്കാലത്തും അതിന് ശേഷവും വൈദ്യുതി ചാർജ് മാറി മറിയുന്നതിനാൽ എത്ര രൂപയാണ് ഇതിനോടകം നഷ്ടം വന്നിരിക്കുന്നതെന്ന് കണക്കുക പ്രയാസമാണെന്ന് സ്‌കൂളിന്റെ ഫിനാൻസ് സൂപ്രണ്ട് എൻബിസി ന്യൂസിനോട് പറഞ്ഞു. പ്രതിമാസം കുറഞ്ഞത് ആയിരക്കണക്കിന് ഡോളർ ചാർജ് വരുമെന്നാണ് റിപ്പോർട്ട്.
വൈദ്യുതി ബിൽ പതിനായിരം ഡോളറിലേക്ക് കടക്കാതിരിക്കുന്നതിന് ഒരു കാരണം ടീച്ചേഴ്‌സിന്റെ സമയോചിത ഇടപെടലാണ്. ഇവർ അതത് ക്ലാസുകളിലെ ബൾബുകൾ ഊരിമാറ്റിയത് വൈദ്യുതി ബില്ല് നല്ല രീതിയിൽ കുറയാൻ സഹായിച്ചു.
ലൈറ്റുകൾ ഇത്തരത്തിൽ കത്തി കിടക്കുന്നതിനാൽ ക്ലാസ് മുറികളിലെ എൽഇഡി വോളിൽ വിദ്യാർത്ഥികളെ വിഡിയോ കാണിച്ച് കൊടുക്കാനോ, വൈറ്റ്‌ബോർഡിൽ സിനിമ കാണിക്കാനോ സാധിക്കുന്നില്ല.
സ്‌കൂൾ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധി മറികടക്കാൻ ഫിഫ്ത്ത് ലൈറ്റുമായി അധികൃതർ ബന്ധപ്പെട്ടു. എന്നാൽ കമ്പനിയുടെ ഉടമസ്ഥ അതിനോടകം മാറിയിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ നിലവിൽ ഉടമസ്ഥത വഹിക്കുന്ന റിഫ്‌ളക്‌സ് ലൈറ്റിംഗ് എന്ന കമ്പനിയുമായി സ്‌കൂൾ അധികൃതർ ബന്ധപ്പെട്ടു. മുഴുവൻ തകരാറും പരിഹരിക്കാൻ 1.2 മില്യൺ ഡോളറാകുമെന്നാണ് റിപ്പോർട്ട്.
ഈ ജില്ലയിലെ ഏക ഹൈസ്‌കൂളാണ് മിന്നിഷോഗ്. വിൽബ്രഹാം ഹാംപ്ഡൻ എന്നിവിടിങ്ങളിൽ നിന്നായി 1,200 ഓളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കാനായി എത്തുന്നത്. 1959 ൽ പണിത സ്‌കൂൾ 2012 ലാണ് 2,48,000 ചതുരശ്ര അടി വരുന്ന കെട്ടിടമായി പുതുക്കി പണിതത്.