Monday, March 10, 2025
Kerala

അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ

കൊച്ചി: കോളേജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വിദ്യാർത്ഥിക്ക് സസ്പെൻഷൻ. എറണാകുളം ലോ കോളേജ് രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിൻ്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തിൽ വിദ്യാർത്ഥിയോട് കോളേജ് സ്റ്റാഫ് കൗൺസിൽ വിശദീകരണം തേടിയിരുന്നു. തൻ്റെ ഭാ​ഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്പെൻഡ് ചെയ്തത്.

കോളേജ് യൂണിയൻ പരിപാടിയിൽ അതിഥിയായിട്ടാണ് നടി അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെത്തിയത്. ഇവർ അഭിനയിക്കുന്ന തങ്കം സിനിമയുടെ പ്രമോഷൻ്റെ കൂടി ഭാ​ഗമായിട്ടായിരുന്നു സന്ദർശനം. ലോ കോളേജ് യൂണിയൻ സംഘടിപ്പിച്ച പരിപാടി വേദിയിൽ പുരോ​ഗമിക്കുന്നതിനിടെയാണ് പൂവുമായി വിഷ്ണു വേദിയിലേക്ക് എത്തിയത്. പൂ സ്വീകരിച്ച അപർണയ്ക്ക് ഷേക്ക് ഹാൻഡ് നൽകിയ വിഷ്ണു അപർണയെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തി ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. ഇതിനിടെ നടിയുടെ തോളത്ത് കൈയിടാനും ശ്രമിച്ച വിഷ്ണുവിനോട് അപർണ രൂക്ഷമായി പ്രതികരിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്യാതെ താരം ഒഴി‍ഞ്ഞു മാറുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എസ്എഫ്ഐ നയിക്കുന്ന കോളേജ് യൂണിയൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രം​ഗത്ത് എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *