Thursday, April 10, 2025
World

അഭ്യൂഹങ്ങൾക്ക് വിരാമം: ഹിജാബ് ധരിക്കാതെ മത്സരിച്ച ഇറാനിയൻ താരം നാട്ടിലേക്ക് മടങ്ങി

ഹിജാബ് പ്രതിഷേധത്തിന് പിന്നാലെ വനിതാ അത്‌ലറ്റിനെ കാണാനില്ലെന്ന റിപ്പോർട്ട് തള്ളി ഇറാൻ. എൽനാസ് റെക്കാബി നാട്ടിലേക്ക് മടങ്ങിയതായി ഇറാനിയൻ എംബസി അറിയിച്ചു. നേരത്തെ ഹിജാബ് ധരിക്കാതെ ദക്ഷിണ കൊറിയയിൽ മത്സരിച്ചതിന് ശേഷം ഐഎഫ്എസ്‌സി ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇറാനിയൻ വനിതയായ എൽനാസ് റെക്കാബിയെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

‘എൽനാസ് റെക്കാബി ടീമിലെ മറ്റ് അംഗങ്ങൾക്കൊപ്പം ഒക്ടോബർ 18 ന് അതിരാവിലെ സിയോളിൽ നിന്ന് ഇറാനിലേക്ക് പുറപ്പെട്ടു. ദക്ഷിണ കൊറിയയിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എംബസി എൽനാസ് റെക്കാബിയെ സംബന്ധിച്ച എല്ലാ വ്യാജവും തെറ്റായ വാർത്തകളും ശക്തമായി നിഷേധിക്കുന്നു’ – സിയോളിലെ ഇറാനിയൻ എംബസി ട്വീറ്റ് ചെയ്തു. അതേസമയം തൻ്റെ പേരിൽ ഉടലെടുത്ത ഹിജാബ് പ്രശ്‌നം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് റിക്കാബിയും പ്രതികരിച്ചു.

സദാചാര പൊലീസിന്റെ പീഡനത്തിനിരയായി മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട മഹ്‌സ അമിനിയുടെ മരണത്തിൽ ഇറാനിലുടനീളം വ്യാപക പ്രതിഷേധം അരങ്ങേറുകയാണ്. ഇതിനിടെയാണ് എൽനാസ് റെക്കാബിയെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ വന്നത്. ദക്ഷിണ കൊറിയയിൽ നടന്ന ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഹിജാബ് ധരിക്കാതെ ഇറാനിയൻ റോക്ക് ക്ലൈമ്പർ എൽനാസ് റെകാബി തൻ്റെ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു. സോളിൽ നടന്ന ഏഷ്യൻ ക്ലൈംബിംഗ് മത്സരത്തിന്റെ ഫൈനലിൽ ഇറങ്ങിയപ്പോൾ അവർ തലയിൽ ഹിജാബ് ധരിച്ചിരുന്നില്ല.

നീണ്ട മുടി പറക്കാതിരിക്കാന്‍ ഒരു കറുത്ത ബാന്‍ഡ് മാത്രം ധരിച്ചാണ് റെക്കാബി കളത്തിലിറങ്ങിയത്. 43 വര്‍ഷത്തെ ഇറാനിയന്‍ കായിക ചരിത്രത്തിലാദ്യമായാണ് ഒരു വനിത് ഹിജാബ് ഉപേക്ഷിച്ച് ഒരു മത്സരരംഗത്തിറങ്ങുന്നത്. ഇറാനിയൻ വനിതാ അത്ലറ്റുകളും കായികതാരങ്ങളും ഹിജാബ് ധരിക്കണമെന്നത് നിയമമാണ്. ‘എന്‍റെ നാട്ടിലെ ധീരരായ എല്ലാ പോരാളികള്‍ക്കുമൊപ്പം’ എന്നായിരുന്നു മത്സരത്തിന് ശേഷം എല്‍നാസ് റെക്കാബിയുടെ പ്രതികരണം. ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നാലാം സ്ഥാനമാണ് റെക്കാബി നേടിയത്.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ നിർബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന രണ്ടാമത്തെ വനിതാ അത്‌ലറ്റാണ് 33 കാരിയായ റെക്കാബി. തിങ്കളാഴ്ച രാവിലെ ഇറാനിയൻ സംഘം ദക്ഷിണ കൊറിയയിൽ നിന്ന് പുറപ്പെട്ടിട്ടും ഞായറാഴ്ച രാത്രി മുതൽ റെക്കാബിയുടെ സുഹൃത്തുക്കൾക്ക് ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *