കറാച്ചിയില്‍ ഭീകരാക്രമണം; തോക്കുധാരികള്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു
പാകിസ്താന്‍ കറാച്ചിയില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. തോക്കുധാരികളായ ഒരു സംഘം ഭീകരര്‍ പൊലീസ് ആസ്ഥാനത്തെത്തി ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തെഖരീഖ്-ഇ-താലിബാന്‍ പാകിസ്താന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
പ്രാദേശിക സമയം 7.30ഓടെയാണ് പൊലീസ് സ്റ്റേഷന്‍ ആക്രമണമുണ്ടാകുന്നത്. പൊലീസ് സ്റ്റേഷന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയും വെടി ഉതിര്‍ക്കുകയും ചെയ്തു. ചാവേറുകളായി എത്തിയ മൂന്നുപേരുള്‍പ്പെടെ ഏഴ് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു റേഞ്ചറും ഒരു ശുചീകരണത്തൊഴിലാളിയും കൊല്ലപ്പെട്ടു.
ആയുധങ്ങളുമായി എത്തി പൊലീസ് ആസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ രണ്ട് മണിക്കൂറോളം നേരം പൊലീസ് സ്‌റ്റേഷനും പരിസരവും തങ്ങളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു. പത്തോളം ഭീകരര്‍ സംഘത്തിലുണ്ടായിരുന്നെന്നാണ് വിവരം. രണ്ട് തീവ്രവാദികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടത്തിയത് തങ്ങളാണെന്നും മറ്റ് കാര്യങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും തെഖരീഖ്-ഇ-താലിബാന്‍ പാകിസ്താന്‍ സന്ദേശമയച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടുന്ന മൂന്ന് നില കെട്ടിടത്തില്‍ ചില തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്.