‘മരണകാരണം കൊവിഡാണെങ്കിൽ അത് എഴുതരുത്’; ഡോക്ടർമാർക്ക് നിർദ്ദേശവുമായി ചൈന
മരണകാരണം കൊവിഡാണെങ്കിൽ ഡോക്ടർമാർ അത് എഴുതരുതെന്ന നിർദ്ദേശവുമായി ചൈന. റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ വിവിധ സർക്കാർ ആശുപത്രികളിലെ 6 ഡോക്ടർമാർ ഇക്കാര്യം വെളിപ്പെടുത്തി. കൊവിഡ് ബാധിച്ച് മരിക്കുന്ന രോഗിയാണെങ്കിൽ മരണ സർട്ടിഫിക്കറ്റിൽ അത് രേഖപ്പെടുത്തരുതെന്ന് വാക്കാലുള്ള നിർദ്ദേശം ലഭിച്ചു എന്നാണ് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.
കൊവിഡിനൊപ്പം മറ്റെന്തെങ്കിലും അസുഖമുണ്ടെങ്കിൽ മരണകാരണം അതായി രേഖപ്പെടുത്തണം എന്നാണ് നിർദ്ദേശം. കൊവിഡ് ബാധിച്ച് തന്നെയാണ് രോഗി മരിച്ചതെന്ന് ഡോക്ടർമാർക്ക് ഉറപ്പുണ്ടെങ്കിൽ അക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം. ഉന്നത ഉദ്യോഗസ്ഥർ രോഗിയെ പരിശോധിച്ചതിനു ശേഷം മരണകാരണം തീരുമാനിക്കും എന്നും നിർദ്ദേശത്തിലുണ്ട്. സർക്കാർ നിർദ്ദേശമാണിതെന്നാണ് ഡോക്ടർമാരെ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇത്തരത്തിലുള്ള ഒരു ഔദ്യോഗിക നിർദ്ദേശവും സർക്കാർ പുറത്തിറക്കിയിട്ടില്ല.