പ്രവാചക നിന്ദ: ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങളും വീടുകളും തകർത്തു
ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും വീടുകൾക്കും നേരെ ആൾക്കൂട്ടാക്രമണം. നറൈൽ ജില്ലയിൽ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിന്റെ വീടിന് തീയിട്ടു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന് രോഷാകുലരായ ഗ്രാമവാസികൾ ആരോപിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് ആകാശ് സാഹ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റിന് പിന്നാലെ പ്രകോപിതരായ ചിലർ ഉച്ചയോടെ ആകാശിന്റെ വീടിന് മുന്നിൽ പ്രതിഷേധം തുടങ്ങി. രോഷാകുലരായ ജനക്കൂട്ടം വീടുകൾ തീയിട്ടു. സഹപാര ക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയ ജനക്കൂട്ടം അകത്തുള്ള ഫർണിച്ചറുകൾ തകർക്കുകയും നിരവധി കടകൾ നശിപ്പിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി ആകാശ് സാഹയെയും പിതാവിനെയും കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന് ശേഷം നിയമനടപടി സ്വീകരിക്കും. സംഭവത്തെത്തുടർന്ന് പൊലീസും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി സംഘർഷം ഒഴിവാക്കി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് ആകാശത്തേയ്ക്ക് വെടിവയ്ക്കേണ്ടി വന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.