ചൈനയില്‍ ഐസ്‌ക്രീമില്‍ കൊവിഡ് സാന്നിധ്യം; ആയിരക്കണക്കിന് പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു
ബെയ്ജിങ്: ലോകത്ത് പടര്‍ന്നുപിടിച്ച കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍നിന്ന് ആശങ്കയുണര്‍ത്തുന്ന പുതിയ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഐസ്‌ക്രീമിന്റെ സാംപിളുകളില്‍ കൊവിഡ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസിന്റെ സഹോദര പ്രസിദ്ധീകരണമായ ലൈവ് ഹിന്ദുസ്ഥാന്‍ റിപോര്‍ട്ട് ചെയ്തു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആയിരക്കണക്കിന് ഐസ്‌ക്രീം പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. വടക്കന്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റിയിലാണ് ആദ്യമായി ഇത്തരമൊരു സംഭവം റിപോര്‍ട്ട് ചെയ്തത്.
ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് 2,089 ഐസ്‌ക്രീം ബോക്‌സുകള്‍ നശിപ്പിച്ചു. 4,836 ബോക്‌സുകളില്‍ കൊവിഡ് സാന്നിധ്യം കണ്ടെത്തിയതായും കമ്പനി അധികൃതര്‍ അറിയിച്ചു. ഐസ്‌ക്രീം വാങ്ങിയ ഉപഭോക്താക്കളെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമങ്ങള്‍ നടത്തിവരികയാണ്. രോഗലക്ഷണം അടക്കം ആരോഗ്യസംബന്ധമായ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനിയിലെ 1,600 ജീവനക്കാരെ ക്വാറന്റൈനിലാക്കി. ഇവരില്‍ 700 ജീവനക്കാരുടെ പരിശോധനാഫലങ്ങള്‍ നെഗറ്റീവായിട്ടുണ്ട്. രോഗം ബാധിച്ച ഒരാളിലൂടെയാവാം എസ്‌ക്രീമില്‍ വൈറസ് സാന്നിധ്യമെത്തിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തണുപ്പ് മൂലമാവാം ഐസ്‌ക്രീമില്‍ വൈറസ് വ്യാപിക്കാന്‍ കാരണമായതെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. ചൈനയില്‍ 109 പുതിയ കൊവിഡ് 19 കേസുകളാണ് ഞായറാഴ്ച റിപോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും വടക്കന്‍ പ്രവിശ്യയിലെ ബെയ്ജിങ്ങിലാണ്. മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.