Tuesday, January 7, 2025
Kerala

ചിക്കൻ കറിയിലും വിഷം ചേർത്തു, പരാജയപ്പെട്ടപ്പോൾ ഐസ്‌ക്രീമിൽ; ലക്ഷ്യം വെച്ചത് കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ

കാസർകോട് ബളാലിൽ 16കാരിയായ സഹോദരിയെ ഐസ്‌ക്രീമിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ ആൽബിൻ മുമ്പും കുടുംബാംഗങ്ങളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പോലീസ്. മോശം കൂട്ടുകെട്ടും പെരുമാറ്റവും അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെയും വീട്ടുകാർ കുറ്റം പറഞ്ഞതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.

സഹോദരിയെയും മാതാവിനെയും പിതാവിനെയും ഒന്നിച്ച് കൊലപ്പെടുത്താനായിരുന്നു നീക്കം. കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം. തമിഴ്‌നാട്ടിൽ ജോലി ചെയ്തിരുന്ന ആൽബിൻ ജൂലൈ പകുതിയോടെയാണ് വീട്ടിലെത്തിയത്. നാട്ടിൽ തന്റെ കൂടെ ജോലിക്ക് വരാൻ ബെന്നി നിർബന്ധിച്ചതും യുവാവിന് പക ഇരട്ടിപ്പിച്ചു

വീട്ടിൽ വഴക്ക് പതിവായതോടെ കൊലപാതകം ഉറപ്പിച്ചു. എല്ലാവരും മരിച്ചാൽ കുടുംബസ്വത്ത് ഒറ്റക്ക് അനുഭവിക്കാമെന്നും ഇയാൾ കരുതി. ഐസ്‌ക്രീം ഉണ്ടാക്കിയത് ജൂലൈ 30നാണ്. ഇതിന് രണ്ട് ദിവസം മുമ്പ് ചിക്കൻ കറിയിലും ആൽബിൻ വിഷം ചേർത്തിരുന്നു. സുഖമില്ലെന്ന് പറഞ്ഞ് ആൽബിൻ മാത്രം ചിക്കൻ കറി ഉപയോഗിച്ചില്ല. എന്നാൽ ചെറിയ വയറുവേദന വന്നതൊഴിച്ചാൽ മാതാപിതാക്കൾക്കും സഹോദരിക്കും കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല

ഇതോടെ ഇയാൾ ഇന്റർനെറ്റിൽ വിഷത്തിന്റെ ഉപയോഗത്തെ കുറിച്ച് കൂടുതൽ തിരഞ്ഞു. എങ്ങനെയാണ് എലിവിഷം ശരീരത്തിൽ പ്രവർത്തിക്കുകയെന്നും എത്രയളവിൽ ചേർക്കണമെന്നതുമായ കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്ന് മനസ്സിലാക്കി. ജൂലൈ 29ന് വെള്ളരിക്കുണ്ട് പോയി പുതിയ പായ്ക്കറ്റ് എലിവിഷം വാങ്ങി.

ജൂലൈ 30ന് ആൻമേരിയും ആൽബിനും ചേർന്ന് വീട്ടിൽ ഐസ്‌ക്രീമുണ്ടാക്കി. രണ്ട് പാത്രങ്ങളിലായാണ് ഐസ്‌ക്രീമുണ്ടാക്കിയത്. വലിയ പാത്രത്തിലെ ഐസ്‌ക്രീം എല്ലാവരും കഴിച്ചു. ജുലൈ 31ന് ചെറിയ പാത്രത്തിലെ ഐസ്‌ക്രീമിൽ ഇയാൾ വിഷം കലർത്തി. തിരിച്ചറിയാതിരിക്കാൻ ചോക്ക് ലേറ്റ് ബിസ്‌ക്കറ്റും ഇതിൽ മിക്‌സ് ചെയ്തു.

ആൻമേരിയും ബെന്നിയുമാണ് ഈ ഐസ്‌ക്രീം കൂടുതലായി കഴിച്ചത്. അമ്മ ജെസി കുറച്ചു മാത്രമാണ് കഴിച്ചത്. ആൽബിൻ വേണ്ടയെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. വിഷം ചേർത്ത ഐസ്‌ക്രീം പിതാവും സഹോദരിയും കഴിക്കുന്നത് ഇയാൾ നോക്കി നിന്നു. പിറ്റേ ദിവസം ആൻമേരിയുടെ ആരോഗ്യനില വഷളായി. ഛർദിയും വയറിളക്കവും കൂടിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ ബെന്നിയുടെ ആരോഗ്യനിലയും വഷളായി.

ഇരുവരും ആദ്യം വെള്ളരിക്കുണ്ടും പിന്നീട് ചെറുപുഴയിലെ ആശുപത്രിയിലും ചികിത്സ തേടി. ഇവിടെ വെച്ച് ആഗസ്റ്റ് 5ന് ആൻമേരി മരിച്ചു. ഇതിനിടെ ജെസിയും ചികിത്സ തേടി. കുടുംബത്തിലെ എല്ലാവർക്കും ആരോഗ്യപ്രശ്‌നം കണ്ടതോടെ ഭക്ഷ്യവിഷബാധയാകാമെന്ന സംശയം ജനിച്ചു. ആൻമേരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ വിഷം ഉള്ളിൽ ചെന്നതായി തെളിഞ്ഞു

ആൻമേരി മരിച്ചതോടെ ആർക്കും സംശയം തോന്നാതിരിക്കാൻ തനിക്കും വയറുവേദനയുണ്ടെന്ന് പറഞ്ഞ് ആൽബിൻ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പരിശോധനയിൽ യാതൊരു പ്രശ്‌നവും ഇയാൾക്ക് കണ്ടെത്താനായില്ല. ഇതാണ് കേസിൽ നിർണായകമായതും. പോലീസിന് തുടക്കം മുതലെ ആൽബിനെ സംശയമുണ്ടായിരുന്നു. സൈബർ സെൽ കൂടി ഇടപെട്ടതോടെ ആൽബിൻ ഇന്റർനെറ്റിൽ തിരഞ്ഞ കാര്യങ്ങളും കണ്ടെത്തി. ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *