Tuesday, January 7, 2025
World

ലോക ജനസംഖ്യ ഇന്ന് 800 കോടിയാകും

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യ ഇന്ന് 8 ബില്യൺ കടക്കും. ഏറ്റവും പുതിയ യുഎൻ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030 ൽ ഏകദേശം 8.5 ബില്യണിലേക്കും, 2050 ൽ 9.7 ബില്യണിലേക്കും 2100 ൽ 10.4 ബില്യണിലേക്കും വളരുമെന്നാണ്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യയാവും ലോക ജനതയുടെ കാര്യത്തില്‍ ഒന്നാമത് എത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് യുഎൻ പുറത്തിറക്കിയ വാർഷിക വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട് റിപ്പോർട്ടിൽ 1950ന് ശേഷം ആദ്യമായി 2020ൽ ലോകജനസംഖ്യ വളർച്ച ഒരു ശതമാനത്തിൽ താഴെയായി കുറഞ്ഞതായും വ്യക്‌തമാക്കുന്നു. 2050-ഓടെ ലോകജനസംഖ്യ 9.7 ബില്യണും 2100-ഓടെ 10.4 ബില്യണും ആയിരിക്കുമെന്നും യുഎൻ കണക്കാക്കിയിട്ടുണ്ട്. ആളോഹരി വരുമാനം വളരെ കുറവുള്ള രാജ്യങ്ങളിലാണ് ജനനനിരക്കിലെ വർദ്ധനവ് കൂടുതലും കാണുന്നത്.

145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്. 141.2 കോടിയുമായി ഇന്ത്യ തൊട്ടുപിന്നാലെയുണ്ട്. അതേസമയം 2023ൽ ഇന്ത്യ, ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും യുഎൻ വ്യക്‌തമാക്കുന്നു. ആഗോള ജനസംഖ്യ 700 കോടിയിൽ നിന്ന് 800 കോടിയിലേക്ക് എത്താൻ 12 വർഷമെടുത്തപ്പോൾ അത് 900 കോടിയിലേക്കെത്താൻ ഏകദേശം 15 വർഷത്തോളമെടുക്കുമെന്നും ഐക്യരാഷ്‌ട്രസഭ വ്യക്‌തമാക്കുന്നു. ഇത് ആഗോള ജനസംഖ്യയുടെ മൊത്തത്തിലുള്ള വളർച്ച നിരക്ക് കുറയുന്നു എന്നതിന്‍റെ സൂചനയാണെന്നും വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്ട് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *