ജനസംഖ്യ, രോഗവ്യാപ്തി എന്നിവ കണക്കാക്കി സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകും; മാർഗരേഖ കേന്ദ്രം പുറത്തിറക്കി
പുതിയ വാക്‌സിൻ മാർഗരേഖ കേന്ദ്രസർക്കാർ പുറത്തിറക്കി. വാക്‌സിനേഷന്റെ വേഗത, സംഭരണം, വിതരണം, ധനവിനിയോഗം സംബന്ധിച്ച ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവെപ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാകും സംസ്ഥാനങ്ങൾക്ക് വാക്‌സിൻ നൽകുക
വാക്‌സിൻ നിർമാതാക്കൾ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75 ശതമാനം കേന്ദ്ര സർക്കാർ വാങ്ങും. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വാക്‌സിൻ സൗജന്യമായി കേന്ദ്രം നൽകും. സർക്കാർ വാക്‌സിനേഷൻ സെന്ററുകൾ വഴി എല്ലാ പൗരൻമാർക്കും വാക്‌സിൻ സൗജന്യമായി നൽകും
ആരോഗ്യ പ്രവർത്തകർ, മുന്നണി പോരാളികൾ, 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ, രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരൻമാർ, 18 വയസ്സിന് മുകളിൽ കൂടുതലുള്ള പൗരൻമാർ എന്നിങ്ങനെ മുൻഗണനാ ക്രമം തുടരും.
വാക്‌സിൻ കമ്പനിക്ക് ഉത്പാദിപ്പിക്കുന്ന വാക്‌സിന്റെ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകാം. വാക്‌സിന്റെ വില നിർമാതാക്കൾ നിശ്ചയിക്കും. ആശുപത്രികൾക്ക് അധിക തുകയായി 150 രൂപ വരെ ഈടാക്കാം. സ്വകാര്യ ആശുപത്രികളെ സംസ്ഥാന സർക്കാർ നിരീക്ഷിക്കണമെന്നും കേന്ദ്രം നിർദേശിക്കുന്നു.