തോൽവിക്ക് കാരണം അമിത ആത്മവിശ്വാസം: നേതൃമാറ്റം നിർദേശിച്ച് അശോക് ചവാൻ സമിതി റിപ്പോർട്ട്
നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ നാണംകെട്ട തോൽവി പരിശോധിക്കാൻ നിയോഗിച്ച അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകി. നേതൃമാറ്റം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കെപിസിസി പ്രസിഡന്റ് കസേരയിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ഇറങ്ങിപ്പോകേണ്ടി വരും.
കെപിസിസി ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് റിപ്പോർട്ട് കൈമാറിയത്. ഇത് ഹൈക്കമാൻഡ് പരിശോധിക്കും. റിപ്പോർട്ടിൽ ആരെയും പേരെടുത്ത് വിമർശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
എംഎൽഎമാർ, എംപിമാർ, മറ്റ് ജനപ്രതിനിധികൾ, മുതിർന്ന നേതാക്കൾ, മാധ്യമപ്രവർത്തകർ എന്നിവരിൽ നിന്നെല്ലാം പ്രതികരണം തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും അമിത ആത്മവിശ്വാസം വിനയായെന്നും റിപ്പോർട്ടിൽ പറയുന്നു.