ബീഹാറിൽ കൊവിഡ് വ്യാപനം രൂക്ഷം; ലോക്ക് ഡൗൺ നീട്ടിയേക്കും
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബീഹാറിൽ സമ്പൂർണ ലോക്ക് ഡൗൺ നീട്ടിയേക്കും. നിലവിൽ ജൂലൈ 31 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 1 മുതൽ 16 വരെ ലോക്ക് ഡൗൺ തുടരാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം വൈകുന്നേരം ചേരുന്നുണ്ട്. 43,591 പേർക്കാണ് സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 269 പേർ രോഗബാധിതരായി മരിച്ചു. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 2480 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ജൂലൈ 16 മുതലാണ് ലോക്ക് ഡൗൺ ആരംഭിച്ചത്. എന്നാൽ ലോക്ക് ഡൗണിന് മുമ്പ് സംസ്ഥാനത്ത് 20,173 കൊവിഡ് കേസുകളാണുണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് കേസുകളുടെ എണ്ണം ഇരട്ടിയലധികമായി ഉയർന്നത്. ലോക്ക് ഡൗൺ കൊണ്ട് സംസ്ഥാനത്ത് രോഗപ്രതിരോധം പ്രായോഗികമല്ലെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.