Friday, April 11, 2025
World

നിരോധനത്തില്‍ പതറാതെ ടിക് ടോക്; ഫേസ്ബുക്കിനെയും മറികടന്ന് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുമായി ലോകത്ത് ഒന്നാമത്

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായതിന് പിറകെയാണ് ഇന്ത്യ ചൈനീസ് കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ തുടങ്ങിയത്. അത്തരത്തില്‍ ഒന്നായിരുന്നു സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അതില്‍ ഏറ്റവും വലിയ തിരിച്ചടിയായത് ബൈറ്റ് ഡാന്‍സിന് കീഴിലുള്ള ടിക് ടോക്കിനായിരുന്നു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ ഷോര്‍ട്ട് വീഡിയോ ആപ്പ് ആയി മാറിയിരുന്ന ടിക് ടോക് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും നിരോധിക്കപ്പെട്ടു. അതിന് ശേഷം അമേരിക്കയിലും കമ്പനി കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും ആഗോള തലത്തില്‍ ടിക് ടോക്കിനെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2020 ല്‍ ഏറ്റവും അധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക് ടോക് ആണ് എന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ അനലിറ്റിക്സ് സ്ഥാപനമായ ആപ്പ് ആനിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ടിക് ടോക് തന്നെയാണ് മുന്നില്‍. കഴിഞ്ഞ വര്‍ഷം ഫേസ്ബുക്ക് ആപ്പ് ആയിരുന്നു ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ ആപ്പ്. ഇത്തവണ, ഫേസ്ബുക്കിനെ മറികടന്നാണ് ടിക് ടോക് ഒന്നാം സ്ഥാനം സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. ആഗോള തലത്തില്‍ തന്നെ ടിക് ടോക് നേടുന്ന മേധാവിത്വത്തിന്റെ തെളിവായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

 

ഡൗണ്‍ലോഡ്സിന്റെ കാര്യത്തില്‍ ഫേസ്ബുക്കിന് തൊട്ടുപിറകില്‍ ഉള്ളത് മെസേജിങ് ആപ്പ് ആയ വാട്സ്ആപ്പ് ആണ്. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലാണ് വാട്സ് ആപ്പും ഉള്ളത്. ഫേസ്ബുക്കിന്റെ തന്നെ ഉടമസ്ഥതയില്‍ ഉള്ള ഇന്‍സ്റ്റാഗ്രാം അഞ്ചാം സ്ഥാനത്തും ഫേസ്ബുക്ക് മെസഞ്ചര്‍ ആറാം സ്ഥാനത്തും ആണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *