Monday, January 6, 2025
National

റിലയന്‍സുമായി ബൈറ്റ്ഡാന്‍സിന്‍റെ ചര്‍ച്ച: ടിക് ടോക് തിരികെ ഇന്ത്യയിലേക്ക്

സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യൻ സർക്കാർ നിരോധിച്ച ലിപ് സിങ്കിംഗ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ മടങ്ങിയെത്തിയേക്കും. അതിനായി ചൈനയുടെ ബൈറ്റ്ഡാന്‍സ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ചർച്ചകൾ നടത്തി വരികയാണ്. അമേരിക്കൻ ഓൺലൈൻ മാധ്യമമായ ടെക്ക്രഞ്ച് വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടുകളാണ് ഇത്തരം സൂചനകല്‍ നല്‍കുന്നത്.
കഴിഞ്ഞ മാസം തന്നെ ചർച്ചകൾ ആരംഭിച്ചെങ്കിലും ഇതുവരെ കരാറിലേർപ്പെടിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് നിരോധിച്ച ആപ്പ് ആയതുകൊണ്ട് റിലയൻസ് കരാറില്‍ ഒപ്പ് വെക്കാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും ഈ കാര്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് റിലൈൻസോ ടിക് ടോകോ വ്യക്തമായ പ്രതികരണങ്ങൾ നൽകിയിട്ടില്ല.

ഇന്ത്യ ചൈന അതിർത്തിയിലുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചത്. ടിക് ടോക്കിന് പുറമേ മറ്റ് ചൈനീസ് ആപ്പുകളും ഇന്ത്യ നിരോധിച്ചിരുന്നു. ഉപഭോക്താക്കളുടെ വിവരങ്ങൾ അനുവാദമില്ലാതെ ഉപയോഗിക്കുന്നു എന്ന പരാതി നേരത്തെയും ടിക് ടോക്കിനു നേരെ ഉയര്‍ന്നിരുന്നു.

ചൈനീസ് ആപ്ലിക്കേഷനുകൾ ആയ tiktok ഉൾപ്പെടെയുള്ള 59 ആപ്ലിക്കേഷനുകളാണ് രാജ്യ സുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിൽ നിരോധിച്ചത്. ഇതിനു പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും ചൈനീസ് കമ്പനികളുമായുള്ള ഇടപാടുകൾ നിരോധിച്ചിരുന്നു.

എന്നാല്‍, അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ടിക് ടോക് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനുമായി ബൈറ്റ്ഡാന്‍സ് ചര്‍ച്ചകള്‍ നടത്തി വരികയാണ്‌. മൈക്രോസോഫ്റ്റ്‌ ടിക് ടോക് ഏറ്റെടുക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച ട്രംപ് പിന്നീട് ചര്‍ച്ചകള്‍ക്കായി 45 ദിവസം സമയം അനുവദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *