ഓസ്കറിൽ ഡോക്യുമെന്ററി വിഭാഗത്തിലേക്ക് മത്സരിക്കുന്നത് രണ്ട് ഇന്ത്യൻ ചിത്രങ്ങൾ; ദി എലിഫന്റ് വിസ്പറേഴ്സ്, ഓള്‍ ദാറ്റ് ബ്രീത്ത്സ്
ഓസ്കറിൽ ഡോക്യുമെന്ററി വിഭാഗത്തിലേക്ക് ഇത്തവണ മൽസരത്തിനുള്ളത് രണ്ട് ഇന്ത്യൻ ചിത്രങ്ങൾ. മനുഷ്യനും ആനക്കുട്ടികളുമായുള്ള സ്നേഹബന്ധത്തിന്റെ കഥപറയുന്ന ദി എലിഫന്റ് വിസ്പറേഴ്സും, ഷൌനക് സെന്‍ സംവിധാനം ചെയ്ത ഓള്‍ ദാറ്റ് ബ്രീത്ത്സുമാണ് ഇത്തവണ ഡോക്യുമെന്ററി വിഭാഗത്തിലേക്ക് മത്സരിക്കുന്നത്.
ഏറെ പ്രതീക്ഷകളോടെയാണ് നെറ്റ്ഫ്ലിക്സ് ചിത്രം ദി എലിഫന്റ് വിസ്പറേഴ്സ് മൽസരിക്കുന്നത്. നാൽപ്പത് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്റ്റി മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു. ദ എലിഫന്റ് വിസ്പറേഴ്സിലൂടെ ഗോൺസാൽവസ് തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ ബെല്ല ദമ്പതികളുടെ ജീവിതം പറയുന്നു. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ഈ ദമ്പതികൾ. ഇവർ വളർത്തുന്ന ആനക്കുട്ടികൾ രഘുവും അമ്മുവുമാണ് കഥയുടെ കേന്ദ്രബിന്ദു.
ഒന്നല്ല രണ്ട് ബഹുമതികൾക്കായി കാത്തിരിക്കുകയാണ് ഷൗനക് സെന്നിന്റെ ‘ഓൾ ദാറ്റ് ബ്രീത്ത്സ്’. ഡൽഹി വസീറാബാദിലെ സഹോദരങ്ങളായ മുഹമ്മദ് സൗദും നദീം ഷഹ്സാദും പരുക്കേറ്റ പക്ഷികളെ രക്ഷപ്പെടുത്തി പരിചരിക്കുന്നത് മനോഹരമായാണ് ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒന്നര മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈർഘ്യം.
ഓസ്കറിനായി കാത്തിരിക്കുമ്പോൾ തന്നെ ബ്രിട്ടീഷ് അക്കാഡമി പുരസ്കാരത്തിനും (ബാഫ്റ്റ്) ഡോക്യുമെന്ററി മത്സരിക്കുന്നുണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം ഓൾ ദാറ്റ് ബ്രീത്ത്സ് സ്വന്തമാക്കിയിരുന്നു.