ബിബിസി ഡോക്യുമെന്ററി വിലക്കിനെതിരായ ഹര്‍ജികള്‍; കോടതിയുടെ സമയം പാഴാക്കുന്നുവെന്ന് കേന്ദ്രമന്ത്രി
ബിബിസി ഡോക്യുമെന്ററി വിലക്കിനെതിരായ ഹര്‍ജികള്‍ക്കെതിരെ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. കോടതികളുടെ വിലപ്പെട്ട സമയം പാഴാക്കുകയാണ് ഹര്‍ജിക്കാരെന്ന് കിരണ്‍ റിജിജു വിമര്‍ശിച്ചു. രാജ്യത്ത് ആയിരക്കണക്കിന് സാധാരണക്കാര്‍ നീതിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവരാണ് വിലക്കിനെതിരെ സുപ്രിം കോടതിയില്‍ പൊതു താല്പര്യ ഹര്‍ജിയുമായി സമീപിച്ചത്.
ഡോക്യുമെന്ററി സുപ്രിം കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളില്‍ വിലക്കികൊണ്ടുള്ള ഐ ആന്റ് ബി മന്ത്രാലയത്തിന്റ ഉത്തരവ് റദ്ദാക്കണം എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചതെന്ന് ബിബിസിയോടും, എന്ത് കൊണ്ടാണ് നിരോധിച്ചത് എന്ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടണം എന്നും പൊതുതാത്പര്യ ഹര്‍ജിയിലുണ്ട്.
അടിയന്തരവസ്ഥ പ്രഖ്യാപിക്കാതെ മൗലികാവകാശമായ മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയുമോ എന്ന് കോടതി പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ബി ബി സി ഡോക്യുമെന്ററി വിലക്കിന് എതിരായ ഹര്‍ജികള്‍ സുപ്രിം കോടതി ഫെബ്രുവരി 6 ന് പരിഗണിക്കും.