Wednesday, April 16, 2025
World

അലാസ്‌കയുടെ ആകാശത്തില്‍ അജ്ഞാത പേടകം; വെടിവച്ച് വീഴ്ത്തി അമേരിക്ക

അലാസ്‌കയ്ക്ക് മുകളില്‍ പറന്ന അജ്ഞാത പേടകം വെടിവച്ചിട്ടതായി അമേരിക്ക. എഫ്-22 ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ചാണ് അജ്ഞാത വസ്തു അമേരിക്ക വെടിവച്ച് വീഴ്ത്തിയത്. ചൈനയുടെ ചാരബലൂണ്‍ വിവാദത്തിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമാണ് 40,000 അടി ഉയരത്തില്‍ പറന്ന വസ്തുവിനെ വെടിവച്ചിട്ടതെന്ന് അമേരിക്ക പറയുന്നു. യു എസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉദ്യോഗസ്ഥനായ ജോണ്‍ കിര്‍ബിയാണ് വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഈ പേടകം എവിടെ നിന്ന് വന്നെന്നോ എന്താണ് ഇതിന്റെ ഉദ്ദേശ്യമെന്നോ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് കിര്‍ബി പറയുന്നു. അജ്ഞാത വസ്തുവിനെ വെടിവച്ച് വീഴ്ത്തിയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വെടിവയ്പ്പ് വിജയകരമാണെന്ന ഒറ്റവരി മറുപടി മാത്രമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയത്.

കഴിഞ്ഞയാഴ്ച അമേരിക്കയിലൂടെ കടന്നുപോയ കൂറ്റന്‍ ചാരബലൂണിനെ അപേക്ഷിച്ച് ഇന്ന് വെടിവച്ചുവീഴ്ത്തിയ അജ്ഞാത വസ്തുവിന് വലിപ്പം കുറവാണെന്ന് ജോണ്‍ കിര്‍ബി അറിയിച്ചു. ഒരു ചെറിയ കാറിന്റെ വലിപ്പമാണ് വസ്തുവിനുണ്ടായിരുന്നത്. ഏറെ വിവാദങ്ങള്‍ക്കും നയതന്ത്ര വിള്ളലുകള്‍ക്കും വഴിവച്ച ചൈനീസ് ചാരബലൂണിനെ ലക്ഷ്യമിടാന്‍ ഉപയോഗിച്ച അതേ ജെറ്റുകളും ഉപകരണങ്ങളും തന്നെയാണ് ഈ അജ്ഞാത വസ്തുവിന് നേരെയും ഉപയോഗിച്ചതെന്ന് പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *