Tuesday, January 7, 2025
Gulf

യുഎഇയുടെ ഗോളാന്തര പര്യവേക്ഷണ ദൗത്യം: ചൊവ്വാ പേടകം ജപ്പാനില്‍ നിന്ന് വിക്ഷേപിച്ചു

ടോകിയോ: അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യമായി യു.എ.ഇയുടെ ചൊവ്വാ പേടകം ജപ്പാനില്‍ നിന്ന് വിക്ഷേപിച്ചു.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 3.28ന് (യു.എ.ഇ സമയം പുലര്‍ച്ചെ 1.58) ആയിരുന്നു ജപ്പാന്റെ എച്ച് – 2എ, എഫ് 42 റോക്കറ്റ് ചൊവ്വ പേടകവുമായി വിക്ഷേപണം. ‘അമല്‍’ (പ്രതീക്ഷ) എന്നാണ് പേടകത്തിന്റെ പേര്. ദക്ഷിണ ജപ്പാന്‍ ദ്വീപിലെ താനെഗഷിമ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.കഴിഞ്ഞ ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം കാലാവസ്ഥ മോശമായതിനാല്‍ തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് ആണ് എച്ച് – 2എ റോക്കറ്റ് നിര്‍മ്മിച്ചത്.

യു.എ.ഇ രൂപം കൊണ്ടതിന്റെ 50-ാം വാര്‍ഷികമായ 2021 ഫെബ്രുവരിയില്‍ ചുവന്നഗ്രഹമായ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുകയാണ് അമലിന്റെ ലക്ഷ്യം. യു.എ.ഇ ബഹിരാകാശ ഏജന്‍സിയായ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററാണ് പേടകം നിര്‍മ്മിച്ചത്. യു.എ.ഇ ഇതുവരെ മൂന്ന് നിരീക്ഷണ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിട്ടുള്ളത്.

ഭൂമിയുടെ ഭ്രമണപഥം വിട്ടു പോകാത്ത മൂന്ന് ദൗത്യങ്ങളും വിജയമായിരുന്നു. ആദ്യത്തെ ഗോളാന്തര ദൗത്യത്തില്‍ ചൊവ്വയെ ഉന്നം വച്ച ആദ്യ രാജ്യമാണ് യു.എ.ഇ. മറ്റ് ബഹിരാകാശ ശക്തികളെല്ലാം ആദ്യം ചന്ദ്രനെയാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

അമല്‍ ദൗത്യം പേടകത്തിന്റെ ഭാരം 1350 കി.ഗ്രാമാണ്. അതയാത് ഒരു ചെറിയ കാറിന്റെ വലിപ്പം. രണ്ട് സോളാര്‍ പാനലുകള്‍ ഉണ്ട്. 200 ദിവസംകൊണ്ട് സഞ്ചരിക്കുന്ന ദൂരം ആറ് കോടി കി.മീ ആണ്. വേഗത മണിക്കൂറില്‍ 1.21ലക്ഷം കി.മീ. രണ്ട് വര്‍ഷം ചൊവ്വയെ ഭ്രമണം ചെയ്ത് ചൊവ്വയുടെ ബാഹ്യ അന്തരീക്ഷവും കാലാവസ്ഥാ വ്യതിയാനവും പഠിക്കും. ചൊവ്വയിലെ എല്ലാ ഋതുക്കളിലെയും അന്തരീക്ഷ വ്യതിയാനം പഠിക്കും.

Leave a Reply

Your email address will not be published. Required fields are marked *