Monday, January 6, 2025
World

സൂര്യനെ സ്പര്‍ശിച്ച് മനുഷ്യനിര്‍മിത പേടകം; ചരിത്ര നേട്ടവുമായി നാസ

സൂര്യനെ സ്പര്‍ശിച്ച് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. ചരിത്രത്തിലാദ്യമായാണ് ഒരു മനുഷ്യനിര്‍മിത പേടകം സൂര്യനെ സ്പര്‍ശിക്കുന്നത്. സൂര്യനെ കുറിച്ച് പഠിക്കുന്നതിനായി ആവഷ്‌കരിക്കപ്പെട്ട അനേകം പദ്ധതികളിലൊന്നാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്.

കോറോണ എന്നറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിലൂടെ മുകളിലത്തെ പാളിയിലേക്ക് പ്രവേശിച്ച പേടകം ഇവിടുത്തെ കണങ്ങളും കാന്തിക മണ്ഡലവും പഠനവിധേയമാക്കി. സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 78.69 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ വളരെ കുറച്ച് മണിക്കൂറുകള്‍ മാത്രമാണ് പേടകം കൊറോണയിലൂടെ സഞ്ചരിച്ചത്.

2018 ലായിരുന്നു പാര്‍ക്കര്‍ സോളാര്‍ പ്രോബിന്‍റെ വിക്ഷേപണം. സൗരയൂഥത്തില്‍ സൂര്യന്റെ സ്വാധീനമെന്തെന്ന് ഉള്‍പ്പടെ സൂര്യന്റെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഒമ്പത് തവണ പേടകം സൂര്യനെ വലം വെച്ചിട്ടുണ്ട്. എട്ടാമത്തെ തവണ സൂര്യനെ ചുറ്റുന്നതിനിടയില്‍ 1.30 കോടി കിലോമീറ്റര്‍ ഉയരത്തിലെത്തിയ പേടകം പ്രത്യേക കാന്തിക, കണികാ അവസ്ഥകളിലൂടെ കടന്നുപോയിരുന്നു. ഇതിനു പിന്നാലെയാണ് പേടകം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് കടന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

2025ല്‍ ദൗത്യം അവസാനിക്കുന്നതിന് മുമ്പ് 15 തവണകൂടി പാര്‍ക്കര്‍ പേടകം സൂര്യനെ വലം വെക്കും. ജനുവരിയില്‍ പേടകം വീണ്ടും സൂര്യനോടടുക്കും. ഉപരിതലത്തില്‍ 61.63 ലക്ഷം കിലോമീറ്റര്‍ ഉയരത്തില്‍ പേടകം പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *