മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ബ്രിട്ടണിൽ; ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കും
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ പര്യടനം തുടരുന്നു. ഇന്ന് ബ്രിട്ടണിൽ ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ലോക കേരള സഭയിൽ പങ്കെടുക്കും. ഇന്ന് വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്.
നവകേരള നിർമ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വൈജ്ഞാനിക സമൂഹ നിർമിതിയും പ്രവാസലോകവും, ലോക-കേരള സഭാ പ്രവാസി സമൂഹവും സംഘടനകളും, യൂറോപ്യൻ കുടിയേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ച നടത്തും.
നാളെ കാർഡിഫ് സർവകലാശാലയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തും. മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരം കിട്ടുന്ന തരത്തിലുള്ള കരാറിൽ മുഖ്യമന്ത്രി ഒപ്പിടും. മറ്റെന്നാൾ യുകെയിലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്നലെ കാൾ മാക്സിന്‍റെ ശവകുടീരവും മഹാത്മാഗാന്ധിയുടെ പ്രതിമയും അദ്ദേഹം സന്ദർശിച്ചു.