നോർവേ സന്ദർശനം പൂർത്തിയായി; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ലണ്ടനിലെത്തും
മുഖ്യമന്ത്രി പിണറായി വിജയൻ നോർവേ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് ലണ്ടനിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹം ലണ്ടനിലെത്തുന്നത്. ലോകകേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.
മന്ത്രി പി. രാജീവാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്. മന്ത്രി വീണാ ജോർജും വി. ശിവൻകുട്ടിയും കഴിഞ്ഞ ദിവസം യു.കെയിലെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ തിരുവനന്തപുരത്ത് ചേർന്ന മൂന്നാം ലോക കേരള സഭയുടെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികളെപ്പറ്റിയാവും യൂറോപ്പ് മേഖലാ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്.
യൂറോപ്പിലെ വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികൾ മുഖ്യമന്ത്രി പിണറായിയുമായി കൂടിക്കാഴ്ച്ച നടത്തും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ കഴിവ് ചെളിയിച്ച മലയാളികളും വിദ്യാർത്ഥികളും ആരോഗ്യ പ്രവർത്തകരും ക്ഷണിതാക്കളായെത്തും. നവകേരള നിർമ്മാണം എന്ന വിഷയത്തിൽ ചർച്ചകളും നടക്കും.
കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ മുഖ്യമന്ത്രിയോട് വെളിപ്പെടുത്തിയിരുന്നു. നോർവേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ചിലർ ഇക്കാര്യം സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.