ടെക്സാസിലെ 21 പേരുടെ ജീവനെടുത്ത സ്കൂള്‍ വെടിവയ്പ്; സുരക്ഷാ ചുമതലയുള്ള മുഴുവന്‍ പൊലീസുകാർക്കും സസ്പെൻഷൻ
19 കുട്ടികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട ഉവാൽഡെ സ്കൂള്‍ വെടിവയ്പിൽ സ്കൂള്‍ സുരക്ഷാ ചുമതലയുള്ള മുഴുവന്‍ പൊലീസുകാരേയും സസ്പെന്‍ഡ് ചെയ്തു. അമേരിക്കയിലെ ടെക്സാസിലെ റോബ് എലമെന്‍ററി സ്കൂളില്‍ മെയ് 24 ന് നടന്ന വെടിവയ്പില്‍ സുരക്ഷാ സേനയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. അഞ്ച് മാസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. സംഭവ സമയത്ത് സ്കൂളിന്‍റെ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരോട് അവധിയില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്
പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുകൊണ്ടുള്ള അപ്രതീക്ഷിത നീക്കമെത്തുന്നത്. ടെക്സാസിലെ പൊതു സുരക്ഷാ വകുപ്പ് ഈ വര്‍ഷത്തേക്ക് സ്കൂളില്‍ സേനാംഗങ്ങളെ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മാറുന്ന കാലയളവില്‍ സ്കൂള്‍ ജീവനക്കാരുടേയോ വിദ്യാര്‍ത്ഥികളുടേയോ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് വ്യക്തമാക്കിയാണ് അധികാരികള്‍ നടപടി പ്രഖ്യാപനം നടത്തിയത്.
വെടിവയ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ബന്ധുക്കളും തുടര്‍ച്ചയായി നടത്തിവന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. നേരത്തെ മറ്റ് കുട്ടികള്‍ സ്കൂളില്‍ പോവുന്നുണ്ടെന്നും അവര്‍ക്ക് അപകടമുണ്ടാവരുതെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ സ്കൂളിന് ചുറ്റും സംഘടിച്ച് നിലകൊണ്ടിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.