പണം വച്ച് ചീട്ടുകളി; പൊലീസുകാർക്ക് സസ്പെൻഷൻ
പണംവച്ച് ചീട്ടുകളിച്ചതിന് പിടിയിലായ എസ്.ഐയ്ക്കും പൊലീസുകാരനും സസ്പെൻഷൻ. എസ്.ഐ അനിലിനും സി.പി.ഒ അനൂപ് കൃഷ്ണനുമെതിരെയാണ് നടപടി. കുമ്പനാട് വച്ച് ചീട്ടുകളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഇവരുള്‍പെട്ട സംഘത്തെ പിടികൂടിയത്.
പത്തനംതിട്ട എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് എസ് കെ അനിൽ. പാലക്കാട് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അനൂപ് കൃഷ്ണൻ. ഈ മാസം 16നാണ് കുമ്പനാട് നാഷണൽ ക്ലബിൽ നിന്ന് ചീട്ടുകളി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് കുമ്പനാട് നാഷണൽ ക്ലബിൽ പരിശോധന നടന്നത്. സംഭവത്തിൽ 11 പേർ അറസ്റ്റിലാവുകയും പത്ത് ലക്ഷത്തിലധികം രൂപ പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിലായ 11 പേരിൽ രണ്ട് പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഇന്നലെ വൈകിട്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്.