ഇന്തോനേഷ്യയിൽ ജയിലിൽ അഗ്നിബാധ; 41 തടവുകാർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
ഇന്തോനേഷ്യൻ നഗരമായ തൻജെറാങ്ങിൽ ജയിലിലുണ്ടായ അഗ്നിബാധയിൽ 41 തടവുകാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പ്രാദേശികസമയം ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തടവുകാർ ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
മയക്കുമരുന്ന് കേസുകളിൽ ശിക്ഷയനുഭവിച്ചിരുന്നവരെ പാർപ്പിച്ച ജയിൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉടനെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 41 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 72 പേർക്കാണ് പൊള്ളലേറ്റത്. ഇതിൽ പലരുടെയും നില അതീവഗുരുതരമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടെന്നാണ് സംശയിക്കുന്നത്.