ഫ്രാൻസിൽ നാല് കുട്ടികളടക്കം അഞ്ച് പേർക്ക് കുത്തേറ്റു, അക്രമി അറസ്റ്റിൽ
തെക്ക്-കിഴക്കൻ ഫ്രാൻസിലെ ആൻസിയിൽ കത്തി ആക്രമണം. നാല് കൊച്ചുകുട്ടികളടക്കം അഞ്ച് പേർക്ക് കുത്തേറ്റു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അക്രമിയെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ അറിയിച്ചു.
ആൻസി തടാകത്തിന് സമീപമുള്ള പാർക്കിലാണ് ആക്രമണം നടന്നത്. കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത അക്രമി കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ പ്രതി സമീപത്തുണ്ടായിരുന്ന ഒരു വൃദ്ധനെയും ആക്രമിച്ചു. മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് കുത്തേറ്റത്.
പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് Le Parisien, BFM TV, AFP എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം അക്രമി ഒരു സിറിയൻ അഭയാർത്ഥിയാണ്. പൊലീസ് വെടിവെപ്പിൽ അക്രമിയുടെ കാലിന് പരിക്കേറ്റു. സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ട്വീറ്റ് ചെയ്തു.