രാജസ്ഥാനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു; തീക്കുണ്ഠത്തിന് ചുറ്റും എടുത്തുനടന്നു, നിലവിളിച്ച് പെണ്‍കുട്ടി
രാജസ്ഥാനില്‍ യുവതിയെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി വിവാഹം കഴിച്ച യുവാവിന്റെ വിഡിയോ പുറത്ത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത് തീക്കുണ്ഠത്തിന് ചുറ്റും എടുത്ത് നടക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിഡിയോ വൈറലായതോടെ സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചോദ്യം ചെയ്തുകൊണ്ട് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി.
രാജസ്ഥാനിലെ ജയ്‌സാല്‍പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളും ട്വിറ്ററില്‍ പങ്കുവച്ചു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് തീക്കുണ്ഠം ഉണ്ടാക്കുകയും അതിനുചുറ്റും യുവതിയെ എടുത്തുനടക്കുകയുമായിരുന്നു. പെണ്‍കുട്ടി ഉറക്കെ കരയുന്നതും വിഡിയോയില്‍ കേള്‍ക്കാം. വിഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തതായി ജയ്‌സാല്‍മീര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ജംഗിള്‍ രാജ് തുടരുകയാണെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളും പ്രതികരിച്ചു. ഗെഹ്‌ലോട്ട് സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ രാജസ്ഥാനിലെ പെണ്‍മക്കള്‍ ലജ്ജിക്കണമെന്നും മേഘ്‌വാള്‍ ട്വീറ്റ് ചെയ്തു.