Thursday, January 9, 2025
Kerala

തെളിവെടുപ്പിനിടെ കസ്റ്റഡിയില്‍നിന്ന് ചാടി പോക്സോ പ്രതി; വസ്ത്രമെടുക്കാന്‍ വീട്ടില്‍ വന്നപ്പോള്‍ പൊലീസ് പിടിയില്‍

പത്തനംതിട്ട വയ്യാറ്റുപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം തെളിവെടുപ്പിനിടെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട മീന്‍കുഴി തോട്ടുഭാഗം ജിതിനെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് പൊലീസ് പിടികൂടിയത്. പോക്സോ കേസില്‍ പ്രതിയായ ജിതിന്‍ നേരത്തെ ലഹരിക്കേസിലും ഉള്‍പ്പെട്ടയാളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ബുധനാഴ്ച രാവിലെയാണ് പോക്സോ കേസില്‍ പ്രതിയായ ജിതിനെ ചിറ്റാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് ആറുമണിയോടെ ഒരു കൈയില്‍ വിലങ്ങണിയിച്ച് പ്രതിയുമായി പൊലീസ് വയ്യാറ്റുപ്പുഴയില്‍ തെളിവെടുപ്പിനെത്തി. ഇതിനിടെയാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.

പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ജിതിന്‍ സമീപത്തെ വനത്തിലേക്കാണ് ഓടിക്കയറിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളുടെ വസ്ത്രങ്ങള്‍ കീറിപ്പോയിരുന്നു. രാത്രി നടത്തിയ തിരച്ചിലില്‍ കീറിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഇതോടെ പുലര്‍ച്ചെ നാലരയോടെയാണ് ജിതിന്‍ വസ്ത്രമെടുക്കാനായി വീട്ടിലെത്തിയത്. ഈ സമയം പൊലീസ് സംഘം പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *