നൂറ് കോടി വാക്സിനേഷൻ എന്ന നാഴികക്കല്ല് കടക്കാൻ ഇന്ത്യ; ആഘോഷ പരിപാടികൾക്ക് ഒരുങ്ങി കേന്ദ്രസർക്കാർ
ഇന്ത്യയിലെ കോവിഡ് വാക്‌സിൻ കുത്തിവയ്പ്പ് തുടങ്ങി ഒൻപത് മാസങ്ങൾക്ക് ശേഷം രാജ്യം ഇന്ന് 100 കോടി ഡോസുകൾ പൂർത്തിയാക്കാനൊരുങ്ങുന്നു. ഈ വലിയ നേട്ടത്തിന്റെ ഭാഗമായി സർക്കാർ ആഘോഷങ്ങൾ ആസൂത്രണം ചെയ്യുന്നു.
രാജ്യത്ത് ഇതുവരെ നൽകിയ മൊത്തം വാക്സിൻ ഡോസുകൾ ബുധനാഴ്ച 99.7 കോടി കവിഞ്ഞു. മുതിർന്നവരിൽ 75 ശതമാനം പേർക്കും ആദ്യ ഡോസ് നൽകുകയും ഏകദേശം 31 ശതമാനം പേർക്ക് രണ്ടാം ഡോസ് ലഭിക്കുകയും ചെയ്തു.
യോഗ്യതയുള്ള എല്ലാവരും കാലതാമസം കൂടാതെ കുത്തിവയ്പ്പ് നടത്തണമെന്നും “ചരിത്രപരമായ” മുന്നേറ്റത്തിൽ ഭാഗമാകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അഭ്യർത്ഥിച്ചു. ഗായകൻ കൈലാഷ് ഖേർ ആലപിച്ച ഒരു ഗാനവും ഒരു ഓഡിയോ-വിഷ്വൽ ചിത്രവും അദ്ദേഹം ഇന്ന് ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങിൽ പുറത്തുവിടും. 1400 കിലോഗ്രാം ഭാരമുള്ള ഏറ്റവും വലിയ ദേശീയ പതാക ചെങ്കോട്ടയിൽ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും ഉച്ചഭാഷിണികളിലൂടെ പ്രഖ്യാപനങ്ങൾ നടത്താനും സർക്കാർ പദ്ധതിയിട്ടിട്ടുണ്ട്. 100 ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയ ഗ്രാമങ്ങൾ വാക്‌സിനേഷൻ ഉദ്യമത്തിൽ സുപ്രധാന പങ്കു വഹിച്ച ആരോഗ്യ പ്രവർത്തകരെ അനുമോദിക്കുന്ന പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ച് 100 കോടി ഡോസ് നൽകിയ നേട്ടത്തെ അടയാളപ്പെടുത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.