ട്രെയിൻ യാത്ര: നിർത്തലാക്കിയ ഇളവുകൾ പുനഃസ്ഥാപിക്കില്ലെന്ന് മന്ത്രി
ന്യൂഡെൽഹി: ട്രെയിൻ യാത്രക്കാർക്ക് നേരത്തേ നൽകിയിരുന്ന ഇളവുകൾ നിർത്തലാക്കിയത് പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം. റെയിൽവേ മന്ത്രാലയത്തിന് അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന ഇളവുകൾ പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നാണ് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്.
2019-2020 നെ അപേക്ഷിച്ച് 2020-21 വർഷത്തിൽ റെയിൽ യാത്രികരിൽ നിന്നു ലഭിച്ച വരുമാനം വളരെ കുറവാണെന്നും അതിനാൽ ഇളവുകൾ അനുവദിക്കുന്നതിനുള്ള ചെലവ് റെയിൽവേക്ക് അധികഭാരമാകുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഭിന്നശേഷിക്കാർ, പതിനൊന്ന് വിഭാഗം രോഗികൾ, വിദ്യാർഥികൾ എന്നിവർക്കു മാത്രമാണ് ഇളവുള്ളതെന്നും ഇതു നേരത്തേ ഇളവുകൾ ലഭിച്ചു വന്ന എല്ലാ വിഭാഗം യാത്രക്കാരിലേക്കും വ്യാപിപ്പിക്കാൻ സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യസഭാംഗം പി.വി. അബ്ദുൾ വഹാബിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദൂരയാത്രയ്ക്കായി റെയിൽവേയെ ആശ്രയിക്കുന്ന ദരിദ്രരുടെയും അധഃസ്ഥിത സമൂഹത്തിന്റെയും പ്രശ്നങ്ങളോടുള്ള പ്രതിബദ്ധതയില്ലായ്മയാണ് ഈ നടപടിയിലൂടെ സർക്കാർ ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുന്നതെന്ന് അബ്ദുൾ വഹാബ് അഭിപ്രായപ്പെട്ടു.
ഇത്തരം ദുർബല വിഭാഗങ്ങളെ പിന്തുണയ്ക്കാൻ സർക്കാരിന് കഴിയാത്തത് നിരാശാജനകമാണെന്നും എംപി കൂട്ടിച്ചേർത്തു.