Wednesday, January 8, 2025
World

കിം ജോങ് ഉന്‍ പുടിനെ കാണാന്‍ റഷ്യയിലേക്ക്; ആയുധ കരാറുകള്‍ ലക്ഷ്യമിട്ടെന്ന് സൂചന

യുക്രൈന്‍ അധിനിവേശം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ആശങ്കകള്‍ക്കിടെ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെ കാണാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ റഷ്യയിലേക്ക്. നൂതന ആയുധങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനും ആയുധങ്ങളുടെ വ്യാപാരത്തിനായി കരാറുണ്ടാക്കുന്നതിനുമാണ് കിം പുടിനെ കാണുന്നതെന്നാണ് അഭ്യൂഹങ്ങള്‍. നൂതന സാറ്റലൈറ്റ്, ന്യൂക്ലിയര്‍ അന്തര്‍വാഹിനി സാങ്കേതികവിദ്യ എന്നിവയും പീരങ്കികളും ടാങ്കുകളും ഉള്‍പ്പെടെയുള്ള യുദ്ധസംബന്ധിയായ കാര്യങ്ങളും ഇരുരാജ്യങ്ങളും കൈമാറ്റം ചെയ്‌തേക്കുമെന്നും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തരകൊറിയയോട് ചേര്‍ന്നുള്ള തുറമുഖ നഗരമായ വ്‌ലാഡിവോസ്റ്റോക്കില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഉത്തരകൊറിയയുമായി സംയുക്ത സൈനികാഭ്യാസം നടത്താനുള്ള റഷ്യയുടെ നീക്കങ്ങള്‍ ഏതാണ്ട് പരസ്യമായി കഴിഞ്ഞതിന് പിന്നാലെയാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

ആയുധങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യുന്നതിനായി റഷ്യയും കൊറിയയും തമ്മില്‍ ചില രഹസ്യ ചര്‍ച്ചകള്‍ നടക്കുന്നതായി മുന്‍പ് തന്നെ അമേരിക്ക ആരോപിച്ചിരുന്നു. ഉത്തരകൊറിയ വിട്ട് വളരെ അപൂര്‍വമായി മാത്രമേ കിം ജോങ് ഉന്‍ സഞ്ചരിക്കാറുള്ളൂ എന്നതും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *