Monday, January 6, 2025
National

10 കോടി വേണ്ട, 10 രൂപയുടെ ചീപ്പ് മതിയെന്നേ; തല വെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സന്ന്യാസിയ്ക്ക് ഉദയനിധിയുടെ മറുപടി

സനാതനധര്‍മ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ തന്റെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച സന്ന്യാസിയ്ക്ക് മറുപടിയുമായി തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. തമിഴര്‍ക്ക് വേണ്ടി റെയില്‍വേ ട്രാക്കില്‍ തല വയ്ക്കാന്‍ തയാറായ ഒരാളിന്റെ ചെറുമകനെ ഇത്തരത്തില്‍ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും തങ്ങളാരും ഇതില്‍ ഭയപ്പെടുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ഉദയനിധി പറഞ്ഞു. ഉദയനിധിയുടെ തല വെട്ടുന്നവര്‍ക്ക് പാരിതോഷികമായി 10 കോടി രൂപ നല്‍കുമെന്നായിരുന്നു സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യയുടെ പ്രഖ്യാപനം. തന്റെ തലയ്ക്ക് പത്ത് കോടിയൊന്നും വേണ്ടെന്നും ചീകിയൊതുക്കാനാണെങ്കില്‍ 10 രൂപയുടെ ചീപ്പ് തന്നെ ധാരാളമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ഒരു സന്ന്യാസി എന്റെ തലയ്ക്ക് വില പറഞ്ഞിട്ടുണ്ട്. ഉദയ നിധിയുടെ തല വെട്ടിക്കൊണ്ട് വരുന്നവര്‍ക്ക് പത്ത് കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു സന്ന്യാസിയാണ് ഇത് പറഞ്ഞത്. ഞാന്‍ ചോദിക്കട്ടെ, എന്റെ തല കിട്ടണം എന്ന് സന്ന്യാസിയ്ക്ക് എന്താണ് ഇത്ര ആഗ്രഹം? ഒരു സ്വാമിയുടെ കയ്യില്‍ എങ്ങനെ 10 കോടിയുണ്ടാകും? നിങ്ങള്‍ യഥാര്‍ത്ഥ സ്വാമിയാണോ, ഡ്യൂപ്ലിക്കേറ്റാണോ എന്ന് എനിക്ക് സംശയമുണ്ട്. എന്റെ തലയ്‌ക്കെന്തിനാ പത്ത് കോടിയൊക്കെ, ഒരു പത്ത് രൂപ തന്നാല്‍ അതിന് ഒരു ചീപ്പ് വാങ്ങി ഞാന്‍ തന്നെ എന്റെ തല ചീപ്പില്ലേ? ഉദയനിധി പറഞ്ഞു.

ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ ഉദയനിധിയുടെ ചിത്രത്തില്‍ പ്രതീകാത്മകമായ ദൃശ്യങ്ങളും സന്ന്യാസി പങ്കുവച്ചിരുന്നു. ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു സനാതനധര്‍മം തുടച്ചുനീക്കപ്പെടേണ്ടതാണെന്ന ഉദയനിധിയുടെ വിവാദ പ്രസ്താവന.

Leave a Reply

Your email address will not be published. Required fields are marked *