Thursday, January 9, 2025
Sports

ഹൈദരാബാദില്‍ വിടവാങ്ങല്‍ മത്സരം കളിച്ച് ടെന്നീസിനോട് വിടചൊല്ലി സാനിയ

ഹൈദരാബാദ്: കരിയര്‍ തുടങ്ങിയ ഇടത്തു തന്നെ സാനിയ മിര്‍സ ടെന്നീസ് റാക്കറ്റ് താഴെവെച്ചു. പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ ഇന്ന് ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ തന്‍റെ അവസാന മത്സരം കളിച്ചു. ദീര്‍ഘാലം മിക്സഡ് ഡബിള്‍സ് പങ്കാളിയായിരുന്ന രോഹന്‍ ബൊപ്പണ്ണ, ദീര്‍ഘകാല സുഹൃത്തും ഡബിള്‍സ് പങ്കാളിയുമായിരുന്ന ബെഥാനി മറ്റെക്, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്താണ് സാനിയ ടെന്നീസിനോട് വിടപറഞ്ഞത്.

രണ്ട് പ്രദര്‍ശന മത്സരങ്ങള്‍ കളിച്ച സാനിയ രണ്ടിലും ജയത്തോടെയാണ് വിടവാങ്ങിയത്. മത്സരത്തിന് മുമ്പ് വിടവാങ്ങല്‍ പ്രസംഗത്തില്‍ സാനിയ കണ്ണീരണിഞ്ഞു. രാജ്യത്തിനായി 20 വര്‍ഷം കളിക്കാനായതാണ് തന്‍റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയെന്ന് സാനിയ പറഞ്ഞു. രാജ്യത്തിനായി കളിക്കുക എന്നത് ഏതൊരു കായിത താരത്തിന്‍റെയും വലിയ സ്വപ്നമാണെന്നും 20 വര്‍ഷം തനിക്കതിനായതില്‍ അഭിമാനമുണ്ടെന്നും സാനിയ പറഞ്ഞു. സാനിയയുടെ വാക്കുകള്‍ കാണികള്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചതോടെ താരം കണ്ണീരണിഞ്ഞു. ഇത് സന്തോഷ കണ്ണീരാണെന്നും ഇതിലും മികച്ചൊരു യാത്രയയപ്പ് തനിക്ക് ലഭിക്കാനില്ലെന്നും സാനിയ പറഞ്ഞു.

രണ്ട് ദശകം മുമ്പ് ഹൈദരാബാദിലെ ഇതേവേദിയില്‍ ഡബ്ല്യുടിഎ കിരീടം നേടിയായിരുന്നു സാനിയ ടെന്നീസ് ലോകത്തിലേക്കുള്ള വരവറിയിച്ചത്. മത്സരത്തിനായി സ്റ്റേഡിയത്തിലെത്തിയ സാനിയയെ ആര്‍പ്പുവിളികളോടെയാണ് കാണികള്‍ വരവേറ്റത്. സാനിയയുടെ വിടവാങ്ങല്‍ മത്സരത്തിനായി മാത്രമാണ് താന്‍ ഹൈദരാബാദില്‍ എത്തിയതെന്ന് മുന്‍ കായിക മന്ത്രി കൂടിയായ കിരണ്‍ റിജിജു പറഞ്ഞു. ടെന്നീസിന് മാത്രമല്ല ഇന്ത്യന്‍ കായികരംഗത്തിനാകെ പ്രചോദനമാണ് സാനിയയെന്നും റിജിജു പറഞ്ഞു.

മത്സരശേഷം തെലങ്കാന മന്ത്രിമാരായ റാമറാവുവും വി ശ്രീനിവാസ ഗൗഡും ചേര്‍ന്ന് സാനിയയെ ആദരിച്ചു.കേന്ദ്ര നിയമന്ത്രി കിരണ്‍ റിജിജു, തെലങ്കാന മന്ത്രി കെ ടി രാമറാവു, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയ പ്രമുഖരും സാനിയയുടെ വിടവാങ്ങല്‍ മത്സരത്തിന് എത്തിയിരുന്നു.

­

Leave a Reply

Your email address will not be published. Required fields are marked *