‘ആക്രമിച്ചാൽ യുദ്ധത്തിന് തയ്യാർ, മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കും’; പാക്ക് കരസേനാ മേധാവി
ആക്രമണം ഉണ്ടായാൽ ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണെന്ന് പുതുതായി ചുമതലയേറ്റ പാക്ക് കരസേനാ മേധാവി അസിം മുനീർ. മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും മണ്ണും സംരക്ഷിക്കാൻ, ശത്രുവിനോട് പ്രതിരോധിക്കാൻ പാകിസ്താൻ സായുധ സേന സജ്ജമാണെന്നും മുനീർ പറഞ്ഞു. പാക്ക് അധീന കശ്മീരിലെ ആദ്യ സന്ദർശനത്തിനിടെയാണ് പുതിയ കരസേനാ മേധാവിയുടെ പ്രസ്താവന.
‘ഇന്ത്യൻ നേതൃത്വത്തിന്റെ നിരുത്തരവാദപരമായ പ്രസ്താവനകൾ ശ്രദ്ധിച്ചു. വ്യക്തമായി പറയട്ടെ, മാതൃരാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കാൻ മാത്രമല്ല, ശത്രുവിനെ പ്രതിരോധിക്കാനും പാകിസ്താൻ സായുധ സേന സജ്ജമാണ്’ – ജമ്മു കശ്മീരിനെയും ഗിൽജിത്-ബാൾട്ടിസ്ഥാനെയും കുറിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർ നടത്തിയ പ്രസ്താവനകളെക്കുറിച്ചു അസിം മുനീർ പറഞ്ഞു.
സന്ദർശനത്തിനിടെ നിയന്ത്രണരേഖയിലെ ഏറ്റവും പുതിയ സാഹചര്യത്തെക്കുറിച്ചും പ്രവർത്തന തയ്യാറെടുപ്പിനെക്കുറിച്ചും കരസേനാ മേധാവിക്ക് വിശദീകരിച്ചു നൽകി. ജനറൽ മുനീർ ഉദ്യോഗസ്ഥരുമായും സൈനികരുമായും സംവദിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അവരുടെ ചുമതലകൾ നിർവഹിക്കുമ്പോൾ കാണിക്കുന്ന മനോവീര്യം, പ്രൊഫഷണൽ കഴിവ്, പോരാട്ട സന്നദ്ധത എന്നിവയെ അഭിനന്ദിച്ചു.
കരസേനാ മേധാവിയായി തുടർച്ചയായി മൂന്ന് വർഷം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച ജനറൽ ഖമർ ജാവേദ് ബജ്‌വയ്ക്ക് പകരം ജനറൽ മുനീർ നവംബർ 24-നാണ് നിയമിതനായത്.