Monday, January 6, 2025
World

ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തര കൊറിയ;പതിച്ചത് പസഫിക് സമുദ്രത്തില്‍; ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി

ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തരകൊറിയ. ജപ്പാന് മുകളിലൂടെ പറന്ന മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിച്ചതായി ജപ്പാന്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ജപ്പാന്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ജപ്പാന്‍ സൈന്യം സുരക്ഷ ശക്തമാക്കി വരികയാണ്. മേഖലയിലെ ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വടക്കന്‍ ജപ്പാനിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചു.

ജനങ്ങളോട് വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന നിര്‍ദേശം ഉള്‍പ്പെടെ ജപ്പാന്‍ സൈന്യം നല്‍കിയിട്ടുണ്ട്. 2017 ന് ശേഷം ഇതാദ്യമായാണ് മിസൈലിലൂടെ ജപ്പാനിലേക്ക് ഉത്തര കൊറിയയുടെ പ്രകോപനമുണ്ടാകുന്നത്. രാജ്യത്തുനിന്നും 3000 കിലോമീറ്റര്‍ അകലെയാണ് പസഫിക് സമുദ്രത്തില്‍ മിസൈല്‍ പതിച്ചതെന്നാണ് ജപ്പാന്‍ പറയുന്നത്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ജപ്പാന്‍ അറിയിച്ചു.

ഹൊക്കൈഡു ദ്വീപിലുള്‍പ്പെടെ ജാപ്പനിസ് ഭരണകൂടം കടുത്ത മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഉത്തര കൊറിയയുടെ അക്രമ സ്വഭാവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു. ഉത്തര കൊറിയന്‍ പ്രകോപനത്തിന്റെ പശ്ചാത്തലത്തില്‍ കിഷിദ അടിയന്തരമായി ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *